ന്യൂഡല്‍ഹി– പശ്ചിമബംഗാളില്‍ മുസ്ലിംകളെയും വഖഫ് സ്വത്തുകളെയു സംരക്ഷിക്കുമെന്നും വഖഫ് ഭേദഗതി നിയമം നടപ്പിലാക്കുകയില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. വഖഫ് നിയമത്തിനെതിരെ ബംഗാളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മമതയുടെ പ്രതികരണം. ന്യൂനപക്ഷ സമുദായങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് തെറ്റായ പ്രചരണങ്ങളെ ചെറുക്കണമെന്നും മമത പറഞ്ഞു. കൊല്‍ക്കത്തയിലെ നവ്കര്‍ മഹാമന്ത്ര ദിവസില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബംഗാളില്‍ വിഭജിച്ച് ഭരിക്കുകയില്ല, ഇവിടെ ജീവിക്കുന്നവരെ സംരക്ഷിക്കുകയെന്നത് ദീദിയുടെ കര്‍ത്തവ്യമാണ്. രാഷ്ട്രീയ കെണിയില്‍ സമുദാങ്ങള്‍ വീഴരുത്. ഇപ്പോഴത്തെ ബംഗ്ലാദേശിലെ സാഹചര്യങ്ങള്‍ നോക്കണമെന്നും മമത നിര്‍ദേശിച്ചു.
ബി.ജെ.പി വിഭജിക്കാനുള്ള അജണ്ടയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഭരണഘടനയെ ബഹുമാനിക്കുന്നവര്‍ മാത്രം അതിലെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചാൽ മതിയെന്ന് മമത പറഞ്ഞു. വഖഫ് നിയമഭേദഗതിക്കെതിരെ മുര്‍ഷിദാബാദിലെ പ്രതിഷേധം അക്രമാസക്തമായിരുന്നു. അതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.