ന്യൂ ഡൽഹി– വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും തെളിവുകൾ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കമ്മീഷന്റെ ഈ നീക്കം. “ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള മഹത്തായ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. വോട്ട് മോഷ്ടാക്കളെ തുരത്തും,” രാഹുൽ ഗാന്ധി സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.
അതിനിടെ, കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനുമെതിരെ കള്ളവോട്ട് ആരോപണം ഉന്നയിക്കാൻ മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് രേഖകൾ നൽകിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിന് ശേഷം ആറ് ദിവസത്തിനുള്ളിൽ ആറ് മണ്ഡലങ്ങളിലെ വിവരങ്ങൾ കമ്മീഷൻ നൽകിയതായി പവൻ ഖേര പറഞ്ഞു. മഹാദേവ്‌പുരയിലെ വിവരങ്ങൾ ശേഖരിക്കാൻ രാഹുൽ ഗാന്ധിക്ക് ആറ് മാസം വേണ്ടിവന്നു. പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇലക്ട്രോണിക് വോട്ടർ പട്ടികയാണ് ഇപ്പോൾ കമ്മീഷൻ ലഭ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ടർ പട്ടിക പുറത്തുവിടാൻ കമ്മീഷന് ധൈര്യമുണ്ടോ എന്ന് പവൻ ഖേര ചോദിച്ചു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ മോദി പിന്നിലായിരുന്നുവെന്നും, പെട്ടെന്ന് ഒരു ‘ബൂസ്റ്റർ ഡോസ്’ ലഭിച്ചാണ് അദ്ദേഹം ജയിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. ആ വോട്ടർ പട്ടിക ലഭിച്ചാൽ, മോദിയുടെ വിജയം കള്ളവോട്ട് മൂലമാണെന്ന് തെളിയിക്കാനാകുമെന്നും കോൺഗ്രസ് വ്യക്തമാക്കി.