ന്യൂഡൽഹി – വോട്ട് ചോരി വിവാദം തുടരവെ വാർത്താ സമ്മേളനവുമായി രംഗത്ത് എത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് ചോദ്യം ചെയ്ത് പൊതു സമൂഹം. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഉത്തരം മുട്ടിയത് ചൂണ്ടിക്കാണിക്കുന്നത്.
പല പ്രധാന ദേശീയ മാധ്യമ പ്രതിനിധികളും ചോദ്യങ്ങൾ ചോദിക്കാൻ മടിച്ച വാർത്താസമ്മേളനത്തിൽ ചോദിച്ചവർക്ക് പലർക്കും ഉത്തരം കിട്ടിയുമില്ല. ഉത്തരമില്ലാതെ വലയുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് ചടങ്ങിൽ കണ്ടത്.
ഇവയിൽ കൊൽക്കത്തയിലെ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പരഞ്ചോയ് ഗുഹ താകുർത്തയുടെ ചോദ്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടവയായിരുന്നു.
പ്രധാനമായും മൂന്ന് ചോദ്യങ്ങൾ ആയിരുന്നു പരഞ്ചോയ് ഉന്നയിച്ചത്.
- ഈ മഴക്കാലത്ത്, വെള്ളപ്പൊക്കം കൊണ്ട് ദുരിതമനുഭവിക്കുന്ന നാട്ടിൽ ഈ സമയത്ത് തന്നെ എസ്. ഐ.ആർ (സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ) നടപ്പാക്കാൻ എന്ത് കൊണ്ട് തീരുമാനിച്ചു?
- ഡിലീറ്റ് ചെയ്ത 65 ലക്ഷം വോട്ടർമാരുടെ പട്ടിക പുറത്ത് വിടാൻ എന്ത് കൊണ്ട് സുപ്രീം കോടതിക്ക് പറയേണ്ടി വന്നു? നിങ്ങൾ എന്ത് കൊണ്ട് സ്വയം ചെയ്തില്ല ?
- മഹാരാഷ്ട്രയിൽ പുതുതായി ചേർക്കപ്പെട്ട 40 ലക്ഷം ആദ്യ വോട്ടർമാരിൽ 18 വയസ്സുകാർ കുറവും പ്രായമുള്ളവർ കൂടുതലും എന്തുകൊണ്ടാണ്?. ഇത്രയും ആരോപണങ്ങൾ നിങ്ങൾക്കെതിരെ ഉയർന്നപ്പോഴും നിങ്ങൾ എന്തുകൊണ്ടാണ് മൗനം പാലിച്ചത്?
ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതെ അടുത്ത മാധ്യമപ്രവർത്തകന് അവസരം നൽകാൻ നമ്പർ വിളിക്കുകയായിരുന്നു ഗ്യാനേഷ് കുമാർ.
കേരളത്തിൽ ടി സിദ്ധീഖ് എം എൽ എ ഉൾപ്പെടെ പരഞ്ചോയ് ഗുഹയുടെ ചോദ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
പരഞ്ചോയ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മാത്രമല്ലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം പറയാതെ ഒഴിഞ്ഞു മാറിയത്. പലതിനും മറുപടി പറയാതെ അടുത്ത മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മാത്രം അവസരം നൽകുകയായിരുന്നു ഇവിടെയും തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തത്.
1. വൈകിട്ട് 5 മണിക്ക് ശേഷം പോളിങ് കുത്തനെ ഉയർന്നത് എന്തുകൊണ്ട്?
2. വോട്ടറുടെ അച്ഛന്റെ പേര് അർഥമില്ലാത്ത ഇംഗ്ലീഷ് അക്ഷരങ്ങളിൽ എന്തുകൊണ്ട്?
3.മഹാദേവപുര മാതൃകയിൽ തെരഞ്ഞെടുപ്പ് അട്ടിമറി എങ്ങനെ സംഭവിച്ചു?
4.വോട്ടർ പട്ടികയിൽ എന്തുകൊണ്ട് ഇരട്ടവോട്ടർമാർ?
5.ഒരേ വോട്ടർ പല സംസ്ഥാനങ്ങളിൽ എങ്ങനെ വന്നു?
6.പരേതർ എന്ന രേഖയിൽ 22 ലക്ഷം പേരെ ബിഹാറിൽ ഉൾപ്പെടുത്തിയതെന്തിന്?
7.മഹാരാഷ്ട്രയിൽ വോട്ടർമാരേക്കാൾ വോട്ട് എന്തുകൊണ്ട്?
ഈ ചോദ്യങ്ങൾക്കൊന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഉത്തരം നൽകിയിട്ടില്ല.
ഇനി നൽകുമോ?