റായ്‌പൂർ: വോട്ട് കൊള്ളയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമായ മറുപടി നൽകാത്തതിനാൽ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്. ‘വോട്ട് ചോരി, ഗദ്ദി ഛോഡ്’ എന്ന മുദ്രാവാക്യവുമായി ബിഹാറിൽ 15 ദിവസത്തെ പദയാത്ര നടത്തുമെന്ന് കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ മാധ്യമങ്ങളോട് പറഞ്ഞു.
ആഗസ്റ്റ് 17-ന് ആരംഭിക്കുന്ന പദയാത്ര, സെപ്റ്റംബർ 1-ന് ഗാന്ധി മൈതാനത്തെ മഹാറാലിയോടെ സമാപിക്കും. ഇൻഡ്യാ സഖ്യത്തിലെ എല്ലാ നേതാക്കളും മഹാറാലിയിൽ പങ്കെടുക്കും.
വോട്ട് കൊള്ളയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ലക്ഷ്യമിട്ട്, ആഗസ്റ്റ് 14-ന് രാത്രി 8-ന് എല്ലാ ജില്ലകളിലും കോൺഗ്രസ് പ്രവർത്തകർ റാലി നടത്തും. ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 7 വരെ സംസ്ഥാനതല റാലികളും സംഘടിപ്പിക്കും. കൂടാതെ, സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 16 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന ഒപ്പുശേഖരണം നടത്തി, 5 കോടി ഒപ്പുകൾ ശേഖരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
14-ന് രാത്രി 8-ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഡി.സി.സി. നേതൃത്വത്തിൽ ‘ഫ്രീഡം നൈറ്റ് മാർച്ച്’ നടത്താൻ കെ.പി.സി.സി. ആഹ്വാനം ചെയ്തു.