ബംഗളൂരു– കർണാടക സഹകരണ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.എൻ. രാജണ്ണ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം രാജി ചോദിച്ചുവാങ്ങുകയായിരുന്നു. കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കെ തയാറാക്കിയ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട് രാജണ്ണ നടത്തിയ പ്രസ്താവന പാർട്ടിക്ക് എതിരായ നിലപാടായാണ് വിലയിരുത്തപ്പെട്ടത്.
കോൺഗ്രസ് സർക്കാറിൻ്റെ കാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്നാണ് മന്ത്രി അവകാശപ്പെട്ടത്. വോട്ടർ പട്ടിക തയാറാക്കിയ സമയത്ത് കാര്യമായ പരിശോധന നടത്താതിരുന്നത് ശരിയായില്ലെന്നും, ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നുമായിരുന്നു രാജണ്ണയുടെ വാദം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ എതിർപ്പുകൾ ഉന്നയിക്കാതെ, പിന്നീട് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നത് ഒഴിവാക്കണമെന്നും, പാർട്ടി നേതാക്കൾ സമയബന്ധിതമായി ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജണ്ണയുടെ പ്രസ്താവന കർണാടക കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി. ഇതിനെതിരെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വസ്തുതകൾ മനസ്സിലാക്കാതെ രാജണ്ണ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് ശിവകുമാർ വ്യക്തമാക്കി. പാർട്ടിക്കെതിരായ നിലപാട് സ്വീകരിച്ചതിനാൽ ഹൈക്കമാൻഡ് കർശന നടപടി എടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് രാജണ്ണയുടെ രാജി ഹൈക്കമാൻഡ് ആവശ്യപ്പെട്ടത്.