ചെന്നൈ: വിയറ്റ്‌നാം കോളനി സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൈദരാബാദില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് നടന്റെ അന്ത്യം. വിയറ്റ്‌നാം കോളനി എന്ന ഹിറ്റ് ചിത്രത്തിലെ റാവുത്തര്‍ എന്ന കഥാപാത്രത്തിലൂടെയാണ് വിജയ രംഗ രാജു മലയാളികള്‍ക്ക് സുപരിചിതനായത്.
വിജയ രംഗരാജുവിന് ദീക്ഷിത, പത്മിനി എന്നീ രണ്ട് പെണ്‍മക്കളുണ്ട്. പബ്ലിസിസ്റ്റ് സുരേഷാണ് തന്റെ എക്സ് പേജില്‍ രംഗരാജുവിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. തെലുങ്ക്, മലയാളം ചലച്ചിത്ര രംഗത്ത് ഇദ്ദേഹം ഏറെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പല സൂപ്പര്‍താര ചിത്രങ്ങളിലും വില്ലന്‍ സഹനടന്‍ വേഷക്കില്‍ ഇദ്ദേഹം തിളങ്ങി. വിയറ്റ്‌നാം കോളനിയിലെ റാവുത്തര്‍ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. തെലുങ്കില്‍ ഗോപിചന്ദിന്റെ യജ്ഞം എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധേയമാണ്.
വിജയ രംഗരാജു എന്ന രാജ് കുമാര്‍ ചെന്നൈയില്‍ തിയറ്റര്‍ നടനായാണ് പിന്നീട് സിനിമാ മേഖലയില്‍ എത്തിച്ചേര്‍ന്നത്. നന്ദമുരി ബാലകൃഷ്ണ അഭിനയിച്ച ഭൈരവ ദീപം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രദ്ധേയവേഷം ചെയ്യുന്നത്. അശോക ചക്രവര്‍ത്തി, സ്റ്റേറ്റ് റൗഡി, വിജയ് തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. സിനിമയിലെ അഭിനയത്തിന് പുറമെ ഭാരോദ്വഹനത്തിലും ബോഡി ബില്‍ഡിംഗിലും വിജയ രംഗരാജു ശ്രദ്ധ നേടിയിരുന്നു.