പാലക്കാട്: സാങ്കേതിക തകരാറിനെ തുടർന്ന് കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടു. ഒന്നര മണിക്കൂറിലേറെയായി ട്രെയിൻ ഷൊർണൂരിനും വള്ളത്തോൾ നഗറിനും മധ്യേയായി പിടിച്ചിട്ടിരിക്കുകയാണ് ട്രെയിൻ.
ട്രെയിനിന്റെ വാതിൽ തുറക്കാനാകുന്നില്ല. എ.സിയും പ്രവർത്തിക്കുന്നില്ല. ഇതുമൂലമാണ് പരിഹാരത്തിനായി ട്രെയിൻ പിടിച്ചിട്ടത്. ട്രെയിനിന്റെ ഡോർ സ്റ്റക്കാണെന്നും പുറത്ത് ഇറങ്ങാനാകുന്നില്ലെന്നും യാത്രക്കാർ പ്രതികരിച്ചു. വൈദ്യുതി ബന്ധവും ഇടയ്ക്കിടെ വിച്ഛേദിക്കപ്പെടുന്നുണ്ട്. ഇതേ തുടർന്ന് ട്രെയിൻ തിരികെ ഷൊർണൂർ സ്റ്റേഷനിൽ എത്തിക്കാനാണിപ്പോൾ ശ്രമം.
ട്രെയിൻ ഷൊർണൂരിൽ എത്തിച്ചശേഷം യാത്രക്കാർക്ക് മറ്റൊരു യാത്ര സൗകര്യം ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റെയിൽേവേ അധികൃതർ അറിയിച്ചു.
പത്തുമിനുട്ടിനകം പ്രശ്‌നം പരിഹരിക്കുമെന്നാണ് ജീവനക്കാർ ആദ്യം യാത്രക്കാരോട് പറഞ്ഞതെങ്കിലും നടന്നില്ല. 5.50ന് ഷൊർണൂർ സ്റ്റേഷനിൽനിന്ന് മുന്നോട്ടെടുത്ത ട്രെയിൻ അൽപ്പം കഴിഞ്ഞ് സാങ്കേതിക തകരാർ മൂലം പിടിച്ചിടുകയാണുണ്ടായത്. മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ട്.