ന്യൂഡല്‍ഹി- രാജ്യത്താകമാനം വീണ്ടും യു.പി.ഐ സേവനങ്ങള്‍ തടസ്സപ്പെട്ടു. പേടിഎം, ഗൂഗിള്‍പേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പണമിടപാട് നടക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. രാവിലെ 11.30 മുതലാണ് സേവനങ്ങള്‍ ലഭ്യമാകാതായത്. സേവനങ്ങൾ തടസ്സപ്പെട്ടത് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) അറിയിച്ചു.
ഇതിനുമുമ്പ് മാര്‍ച്ച് 26നും, ഏപ്രില്‍ രണ്ടാം തീയതിയും യു.പി.ഐ സേവനത്തില്‍ പ്രശ്‌നം നേരിട്ടിരുന്നു. ഏപ്രില്‍ 2ന് സേവനം തടസ്സപ്പെട്ടത് ബാങ്കുകളുടെ സക്‌സസ് റേറ്റുമായി ബന്ധപ്പെട്ട ഫ്ലക്ടുവേഷൻ കാരണം യു.പി.ഐ ലേറ്റന്‍സി വര്‍ധിച്ചതാണെന്നാണ് എന്‍.സി.പി.ഐ അറിയിച്ചത്. മാര്‍ച്ച് 26ന് ഡൗണ്‍ ഡിറ്റക്ടര്‍ പ്ലാറ്റ്‌ഫോമില്‍ ചുരുങ്ങിയ സമയത്തിനകം 3000ലധികം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുപത് ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് യു.പി.ഐ പ്രവര്‍ത്തനം തടസ്സപ്പെടുന്നത്. സേവനം തടസ്സപ്പെടാനുള്ള കാരണം അവ്യക്തമാണ്