ന്യൂഡൽഹി– മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (91) നിര്യാതനായി. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ ലാത്തൂരിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ച് കാലമായി വീട്ടിൽ ചികിത്സയിലായിരുന്നു.
2004 മുതൽ 2008 വരെ മൻമോഹൻസിംഗ് സർക്കാറിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു. 2008 നവംബർ 30 ന് മുംബൈ ഭീകരാക്രമണത്തെ തുടർന്ന് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. 2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായും ഛണ്ഡീഗഡിലെ അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ച ഇദ്ദേഹം ഏഴ് തവണയാണ് ലാത്തൂർ ലോക്‌സഭാ സീറ്റിൽ തെരഞ്ഞെടുക്കപ്പെട്ടത്. ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ, സ്പീക്കർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. 2004ൽ ബിജെപിയുടെ രുപാതായ് പട്ടീൽ നീലൻഗേകറുമായി പരാജയപ്പെട്ടിരുന്നു.
1935 ഒക്ടോബർ 12ന് മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് ജനനം. 1972-ൽ കോൺഗ്രസ് മഹാരാഷ്ട്ര നിയമസഭാംഗമായതോടെയാണ് ശിവരാജ് പാട്ടീലിൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീട് സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ച ശേഷം 1980 ലാണ് ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2004 വരെ ലാത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏഴു തവണ ലോക്സഭാംഗമായിരുന്നു.
മുതിർന്ന നേതാവിന്റെ വിയോഗത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി



