ഗുവാഹത്തി– വന്ദേഭാരത് എക്‌സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തിനെതിരെ പരാതിയുമായി യാത്രക്കാർ. ജനുവരി 22ന് ആസാമിലെ കാമാക്യക്കും വെസ്റ്റ്‌ബെംഗാളിലെ ഹൗറക്കും ഇടയിൽ ആരംഭിച്ച പുതിയ വന്ദേഭാരത് ട്രെയിനിൽ വേവാത്ത പച്ചക്കറികളും അമിതമായി വെന്ത ചോറുമാണ് വിളമ്പിയതെന്നാണ് പരാതി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വയറലായതോടെ ഐ.ആർ.സി.ടി.സി ഇടപെട്ട് ഭക്ഷണക്രമം പരിഷ്‌കരിക്കുകയും പരാതിലഭിച്ച വിഭവങ്ങൾ മെനുവിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഗുവാഹത്തിയിലെ ഒരു റിസോർട്ടാണ് ഭക്ഷണത്തിന്റെ ചുമതല വഹിച്ചിരുന്നത്.
ഇതിനുപുറമെ സഹാറൻപുർ വന്ദേഭാരത് ട്രെയിനിലെ ശുചീകരണ തൊഴിലാളികളുടെ ദയനീയാവസ്ഥ പുറത്തുകൊണ്ടു വന്നിരിക്കുകയാണ് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. ഒരു ദിവസം 18മുതൽ 20മണിക്കൂർ ജോലി ചെയ്യുന്ന ഇവർക്ക് വെറും 10,000 രൂപമാത്രമാണ് ശമ്പളം ലഭിക്കുന്നതെന്നും ആവശ്യത്തിന് ഉറക്കം പോലും ലഭിക്കാത്ത ഇവരുടെ അവസ്ഥ പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ട്രെയിനിലെ പ്രൈവറ്റൈസേഷൻ (പുറംകരാർ) വഴിയുള്ള ജോലി സംവിധാനത്തിലെ പ്രശ്‌നങ്ങളാണ് ദുരവസ്ഥയ്ക്ക് കാരണമെന്നും വിമർശനമുണ്ട്.



