ചണ്ഡീഗഢ്– ഒഡീഷയിലെ ബഹറാംപൂര്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരിയായ ഫാ. ജോഷി ജോര്‍ജിനെ പോലീസ് മത പരിവര്‍ത്തനം ആരോപിച്ച് ആക്രമിച്ചു. ജബല്‍പൂരില്‍ ക്രൈസ്തവ വിശ്വാസികളെ ആക്രമിച്ചതിനെ പിന്നാലെയാണ് ഇവിടെയും മര്‍ദനം നേരിട്ടിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവ മതവിശ്വാസികള്‍ക്കെതിരെ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പോലീസ് അതി ക്രൂരമായാണ് സഹപുരോഹിതനെയും മലയാളിയായ ജോഷിയെയും ആക്രമിച്ചത്.
ഗ്രാമത്തില്‍ കഞ്ചാവ് പരിശോധനക്കായെത്തിയ പോലീസ് പള്ളിയില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. പാകിസ്ഥാനില്‍ നിന്ന് വന്ന് മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ക്രൂര മര്‍ദനം. പള്ളിയില്‍ നിന്ന് പണം അപഹരിച്ചതായും സഹവികാരിക്ക് ഗുരുതര പരിക്കേറ്റതായും ജോഷി ജോര്‍ജ് പറഞ്ഞു. മാര്‍ച്ച് 22 ന് നടന്ന സംഭവത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്ത് വന്നത്.
ഇടവകയില്‍ കയറിവന്ന് പള്ളിയിലെ പെണ്‍കുട്ടികളെ പോലീസ് അടിക്കുകയും അതുകണ്ട് അടുത്തെത്തിയ ജോര്‍ജിനെയും സഹവികാരിയെയും മര്‍ദിക്കുകയുമായിരുന്നു. തൊട്ടടുത്ത ഗ്രാമത്തിലേക്ക് കൊണ്ട് പോയി അധിക്ഷേപിച്ച് മര്‍ദനം തുടര്‍ന്നെന്നും ജോഷി പറഞ്ഞു. ഇതിനെതിരെ ഇരുവരും നിയമ നടപടികളിലേക്കൊന്നും നീങ്ങിയിട്ടില്ല.