ന്യൂഡല്‍ഹി – മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രാ തീയതി പലപ്പോഴും മാറ്റേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാവാറില്ലെ? ക്യാന്‍സലേഷന്‍ ചാര്‍ജും മറ്റുമായി ടിക്കറ്റ് നിരക്കിന്റെ നല്ലൊരു ഭാഗം ഇതിലൂടെ യാത്രക്കാര്‍ക്ക് നഷ്ടപ്പെടുന്നു. എന്നാലിപ്പോൾ യാത്രക്കാർക്ക് ആശ്വാസം നല്‍കുന്ന പുതിയ നയം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇനിമുതൽ ബുക്ക് ചെയ്ത ടിക്കറ്റ് നിലനിർത്തിക്കൊണ്ട് തന്നെ യാത്രാ തിയതി മാറ്റാനാകുന്ന തരത്തിലുള്ള പരിഷ്കരണമാണ് ഇന്ത്യൻ റെയിൽവേ കൊണ്ടുവരുന്നത്.
ട്രെയിന്‍ ടിക്കറ്റുകളിലെ യാത്രാ തീയതി അധിക ചാർജ് കൊടുക്കാതെ തന്നെ ഓണ്‍ലൈനായി മാറ്റാന്‍ യാത്രക്കാര്‍ക്ക് സാധിക്കും. 2026 ജനുവരി മുതലാണ് യാത്രാതിയതി സൗജന്യമായി മാറ്റാനാകുക. റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കി പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമാണ് പോംവഴി. പലപ്പോഴും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നതും ചിലവേറിയതുമാണ് ഈ സാഹചര്യം. ഇതൊഴിവാക്കാനാണ് നിലവില്‍ റെയില്‍വേയുടെ ശ്രമം. എന്നാൽ ഇത്തരത്തിൽ തിയതി മാറ്റുമ്പോഴുള്ള ഒരു പോരായ്മ എന്തെന്നാൽ നിങ്ങൾ തെരഞ്ഞെടുക്കുന്ന തീയതിയിൽ ടിക്കറ്റിൻ്റെ ലഭ്യത നോക്കി മാത്രമേ നിങ്ങൾക്ക് കൺഫർമേഷൻ ലഭിക്കുകയുള്ളു. കൂടാതെ, പുതിയ ടിക്കറ്റിന് നിരക്ക് കൂടുതലാണെങ്കില്‍ ആ തുക അടയ്‌ക്കേണ്ടിയും വരും. എന്നിരുന്നാലും യാത്രകൾ മാറ്റിവെക്കേണ്ടി വന്നാൽ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ റീഫണ്ട് ലഭിക്കാതിരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നത് യാത്രക്കാർക്ക് വലിയ ഒരു ആശ്വാസം തന്നെയായിരിക്കും.