ബെംഗളൂരു: ബെംഗളൂരു – മൈസൂരു ഉൾപ്പെടെയുള്ള ഹൈവേകളിൽ ഇന്ന് മുതൽ മുതൽ അധിക ടോൾ നൽകേണ്ടി വരും. ബെംഗളൂരു-മൈസൂരു ഹൈവേ, ബെംഗളൂരു-ഹൈദരാബാദ് ഹൈവേ, ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിൻ്റെ (എസ്‌ടിആർആർ) ഹോസ്‌കോട്ട്-ദേവനഹള്ളി സെക്ഷൻ എന്നിവിടങ്ങളിലാണ് ഇന്ന് മുതൽ ടോൾ നിരക്ക് വർധന ഏർപ്പെടുത്തുക.
നിരക്കുകൾ 3 മുതൽ 14 ശതമാനം വരെ വർധിക്കും. 2025 മാർച്ച് 31 വരെ നിരക്കുകൾ പ്രാബല്യത്തിലുണ്ടാകുമെന്ന് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) റീജിയണൽ ഓഫീസർ വിലാസ് പി. ബ്രഹ്മങ്കർ പറഞ്ഞു.
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയുടെ 55.63-കിലോമീറ്റർ വരുന്ന ബെംഗളൂരു-നിദാഘട്ട ഭാഗത്ത് കാറുകൾ/വാനുകൾ/ജീപ്പുകൾ എന്നിവയ്ക്ക് ഒറ്റ ദിശയിലുള്ള യാത്രയ്ക്ക് 170 രൂപയും 24 മണിക്കൂറിനുള്ളിലെ മടക്കയാത്രയ്ക്ക് 255 രൂപയുമാണ് ടോൾ നിരക്ക്. ചെറിയ ചെറുകിട ചരക്ക് വാഹനങ്ങൾ, മിനിബസുകൾ എന്നിവയ്ക്ക് യഥാക്രമം 275 രൂപയും (ഒറ്റ യാത്ര), 415 രൂപയും (മടങ്ങുന്ന യാത്ര) നൽകണം. ട്രക്കുകൾക്കും ബസുകൾക്കും (രണ്ട് ആക്‌സിലുകൾ) യഥാക്രമം 580 രൂപയും (ഒറ്റ യാത്ര), 870 രൂപയും (മടങ്ങുന്ന യാത്ര) നൽകണം. ടോൾ പ്ലാസയുടെ 20 കിലോമീറ്ററിനുള്ളിൽ നിന്നുള്ള വാണിജ്യേതര വാഹനങ്ങൾക്ക് പ്രതിമാസ പാസ് തുക 340 രൂപയാക്കി.
കണിമിനികെ, ശേഷഗിരിഹള്ളി ടോൾ പ്ലാസകളിൽ ടോൾ ശേഖരിക്കും. നിദാഘട്ടയ്ക്കും മൈസൂരുവിനുമിടയിൽ കാർ/വാനുകൾ/ജീപ്പുകൾ എന്നിവയ്ക്ക് ഒറ്റ ദിശയിലേക്കുള്ള യാത്രക്ക് 160 രൂപയും 24 മണിക്കൂറിനുള്ളിൽ മടക്കയാത്രകൾക്ക് 240 രൂപയും ആയിരിക്കും. ശ്രീരംഗപട്ടണത്തിലെ ഗാനങ്കൂർ ടോൾ പ്ലാസയിലാണ് ടോൾ പിരിക്കുന്നത്. കാറുകളുടെ വൺവേ ടോൾ 330 രൂപയാകും.
ദൊഡ്ഡബല്ലാപുര ബൈപാസിനും ഹോസ്‌കോട്ടിനുമിടയിൽ കാറുകൾ/വാനുകൾ/ജീപ്പുകൾ എന്നിവയ്ക്ക് 80 രൂപ (ഒറ്റ ദിശയിൽ), 120 രൂപ (മടക്ക യാത്ര), 2,720 രൂപ (ഒരു മാസത്തിൽ 50 യാത്രകൾ) എന്നിങ്ങനെയാണ് നിരക്ക്. ചെറിയ ചരക്ക് വാഹനങ്ങൾ, മിനി ബസുകൾ എന്നിവയ്ക്ക് 130 രൂപ (ഒറ്റ യാത്ര), 200 രൂപ (മടക്ക യാത്ര), 4,395 രൂപ (50 യാത്രകൾ) എന്നിങ്ങനെയാണ് വർധന.