കോയമ്പത്തൂര്‍: തിരുപ്പൂര്‍ ജില്ലയിലെ ഗുഡിമംഗലം ഗ്രാമത്തില്‍ എസ്എസ്‌ഐ എം. ഷണ്‍മുഗവേലിന്റെ കൊലപാതക കേസിലെ പ്രധാന പ്രതികളിലൊരാളായ എം. മണികണ്ഠന്‍ വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
കൊലപാതകത്തില്‍ ഉപയോഗിച്ച ആയുധം ഒളിപ്പിച്ച സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ മണികണ്ഠന്‍ ഒരു സബ്-ഇന്‍സ്‌പെക്ടറെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വെടിവെപ്പ് നടന്നതെന്നാണ് പൊലീസ് വാദം.
എസ്എസ്‌ഐ കൊലപാതക കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മണികണ്ഠനെ ഗുഡിമംഗലത്തിന് സമീപം ചിക്കനൂര്‍ എന്ന സ്ഥലത്തെ ഉപ്പാറു ഡാമിനടുത്ത് കൊലപാതകത്തില്‍ ഉപയോഗിച്ച അരിവാള്‍ കണ്ടെടുക്കാനായി കൊണ്ടുപോയിരുന്നു. ഇവിടെ വെച്ച് വച്ച് മണികണ്ഠന്‍ സബ്-ഇന്‍സ്‌പെക്ടര്‍ സരവണകുമാറിനെ അരിവാളുപയോഗിച്ച് ആക്രമിക്കുകയും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയുന്നതിനും ആത്മരക്ഷാര്‍ത്ഥവും ഇന്‍സ്‌പെക്ടര്‍ തിരുഗ്‌നനസമ്പന്ദന്‍ നയിക്കുന്ന പോലീസ് സംഘം വെടിയുതിര്‍ത്തെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുപ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മണികണ്ഠനും പിതാവ് മൂര്‍ത്തിയും (65) സഹോദരന്‍ തങ്കപാണ്ഡിയനും മദാത്തുകുളം നിയോജകമണ്ഡലത്തിലെ എം.എല്‍.എ സി. മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഒരു ഫാമില്‍ ജോലി ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി മദ്യ ലഹരിയില്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ, രണ്ട് മക്കളും ചേര്‍ന്ന് പിതാവിനെ ആക്രമിച്ചതായി പറയപ്പെടുന്നു. അയല്‍വാസികള്‍ പോലീസിനെ അറിയിച്ചതിനെ തു്ടര്‍ന്നാണ് ഗുഡിമംഗലം പോലീസ് സ്റ്റേഷനിലെ എസ്എസ്‌ഐ ഷണ്‍മുഗവേലും കോണ്‍സ്റ്റബിള്‍ അഴകു രാജയും രാത്രി 11 മണിയോടെ സംഭവസ്ഥലത്തെത്തിയത്.
ഷണ്‍മുഗവേല്‍ വഴക്ക് പരിഹരിക്കാന്‍ ഇടപെടുകയും മൂര്‍ത്തിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ മണികണ്ഠന്‍, എസ്എസ്‌ഐ ഷണ്‍മുഗവേലിനെ അരിവാളുപയോഗിച്ച് ആക്രമിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തി. തുടര്‍ന്ന് പിതാവും മക്കളും കോണ്‍സ്റ്റബിളിനെയും ഫാം മാനേജരെയും ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം, തമിഴ്‌നാട് പോലീസ് ആറ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് സംസ്ഥാനവ്യാപകമായി തിരച്ചില്‍ ആരംഭിച്ചു. ബുധനാഴ്ച മൂര്‍ത്തിയും തങ്കപാണ്ഡിയനും തിരുപ്പൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ കീഴടങ്ങി. എന്നാല്‍, മണികണ്ഠന്‍ ഒളിവില്‍ തുടരുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ, മണികണ്ഠനെ ഒളിവിടത്തില്‍ കണ്ടെത്തിയ പ്രത്യേക സംഘം കൊലപാതകത്തില്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ ചിക്കനൂര്‍ ഉപ്പാറു ഡാമിന് സമീപത്തേക്ക് കൊണ്ടുപോയപ്പോഴാണ് വെടിവെച്ചത്.
സംഭവം തമിഴ്‌നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്, പ്രത്യേകിച്ചും ഒരു നിയമസഭാംഗത്തിന്റെ തോട്ടത്തില്‍ വച്ചാണ് കൊലപാതകം നടന്നത്. എഐഎഡിഎംകെ എംഎല്‍എ സി. മഹേന്ദ്രന്‍, തന്റെ ഫാം മാനേജര്‍ മുഖേനയാണ് തോട്ടം നടത്തുന്നതെന്നും, താന്‍ ഒരു വര്‍ഷത്തോളമായി അവിടം സന്ദര്‍ശിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഷണ്‍മുഗവേലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ച അദ്ദേഹം, ഷണ്‍മുഗവേലിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഷണ്‍മുഗവേലിന്റെ കുടുംബത്തിന് ഒരു കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.