- വയനാട്ടുകാർ എന്റെ കുടുംബം, എന്നും കടപ്പെട്ടിരിക്കുമെന്നും പ്രിയങ്കാ ഗാന്ധി
കൽപ്പറ്റ: വയനാട്ടുകാർ എന്റെ കുടുംബമാണെന്നും ഞാനും കുടുംബാംഗങ്ങളും എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എന്റെ സഹോദരന് നിങ്ങൾ നൽകിയ സ്‌നേഹം പറഞ്ഞറിയിക്കാനാവാത്തതാണെന്നും അവർ പറഞ്ഞു. വയനാട്ടിലെ റോഡ് ഷോയ്ക്കു ശേഷം കൽപ്പറ്റിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.
വിവിധ തെരഞ്ഞെടുപ്പുകളിൽ എന്റെ അച്ഛനും അമ്മയ്ക്കും സഹോദരനും വേണ്ടി ഞാൻ പ്രചാരണം നടത്തിയിട്ടുണ്ട്. അങ്ങനെ, കഴിഞ്ഞ 35 വർഷം ഞാൻ തെരഞ്ഞെടുപ്പുകളിൽ പ്രചാരണം നടത്തിയിട്ടുണ്ട്. പക്ഷേ, ഇതാദ്യമാണ് ഞാൻ എനിക്കുവേണ്ടി നിങ്ങളോട് വോട്ട് ചോദിക്കുന്നത്. ഇപ്പോൾ എനിക്കു വേണ്ടി അമ്മയും സഹോദരനും പാർട്ടി നേതാക്കളും നിങ്ങളുമെല്ലാം രംഗത്തുള്ളത് വല്ലാത്തൊരു അനുഭവമാണ്, വികാര നിമിഷമാണ്.
നിങ്ങളുടെ പ്രതിനിധിയായി മത്സരിക്കാൻ അവസരം നൽകിയതിന് ഞാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർക്ക് മനസ്സറിഞ്ഞ് നന്ദി അറിയിക്കുന്നു. നിങ്ങൾ എനിക്കൊരവസരം നൽകിയാൽ അത് ഞാൻ ആദരമായി കണക്കാക്കും.
മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ വൻ നാശം ഞാൻ സ്വന്തം കണ്ണ്‌കൊണ്ട് കണ്ടു. ജീവിതം മുഴുവൻ ഒഴുകിപ്പോയ എല്ലാം ഞാൻ അവിടെ കണ്ടു. എല്ലാവരും പരസ്പരം പിന്തുണ നൽകി. വയനാട്ടുകാരുടെ ധൈര്യം എന്റെ മനസ്സിൽ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. നിങ്ങളുടെ ഭാഗമാകുന്നത് എന്റെ വലിയ സൗഭാഗ്യവും ആദരവുമായി കാണുന്നു.
വിചിത്രമായ കാലത്താണ് നാം ജീവിക്കുന്നത്. അധികാരം നൽകിയവരെ വിഭജിച്ചെടുക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. ജനാധിപത്യത്തെ ദുർബലമാക്കാനും വിദ്വേഷം പ്രചരിപ്പിക്കാനുമാണവർ ശ്രമിക്കുന്നത്.
വയനാട്ടിലേക്കുള്ള എന്റെ വരവ് പുതിയൊരു യാത്രയാണ്. നിങ്ങളാണ് എന്റെ വഴികാട്ടിയെന്നും നിറഞ്ഞ കരഘോഷത്തിനിടെ പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.