ചണ്ഡീഗഡ്: ബി.ജെ.പിയുടെ സർവ്വ അസ്ത്രങ്ങളും നിലം പരിശാക്കി, ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കന്നിയങ്കത്തിനിറങ്ങിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് മിന്നും ജയം.
നീതി തേടി തെരുവിലിറങ്ങിയ താരം 6140 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രണ്ടു പതിറ്റാണ്ടു കാലമായി കോൺഗ്രസിനെ കൈവിട്ട ജുലാന മണ്ഡലത്തിൽ ബി.ജെ.പിയുടെ യുവനേതാവ് ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെ കെട്ടു കെട്ടിച്ചത്.
പാരീസ് ഒളിമ്പിക്‌സിന്റെ ഫൈനലിൽ മെഡൽ കൈയെത്തും ദുരത്തിരിക്കെയാണ് നൂറു ഗ്രാം ഭാരക്കൂടുതലിനെ തുടർന്ന് വിനേഷ് ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചത്. ‘ഒളിമ്പിക്‌സ് മെഡൽ വലിയൊരു മുറിവായി മാറി. ആ മുറിവുണങ്ങാൻ സമയം എടുക്കും. എന്റെ ജനങ്ങൾക്കും രാജ്യത്തിനും നന്ദി പറയുന്നു. ഗുസ്തി തുടരുമോ ഇല്ലയോ എന്നത് പറയാനാവില്ല. എന്നാൽ, ഒരു വർഷമായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും’ എന്നായിരുന്നു പാരീസിൽ നിന്ന് തിരിച്ചെത്തിയപ്പോൾ വിനേഷ് പ്രതികരിച്ചിരുന്നത്.
ലൈംഗിക പീഡന പരാതി നേരിട്ട ഗുസ്തി ഫെഡറേഷൻ തലവനും ബി.ജെ.പി എം.പി ബ്രിജ്ഭൂഷണ് ശരൺ സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശക്തമായ നിലപാട് സ്വീകരിച്ചതോടെ സംഘപരിവാർ കേന്ദ്രങ്ങൾക്ക് ഈ ദേശീയ താരത്തെ കണ്ടുകൂടായിരുന്നു. അതിനാൽ തന്നെ, പാരീസ് ഒളിമ്പിക്‌സിലുണ്ടായ രാജ്യത്തിന്റെ വേദനയ്ക്ക് ഒപ്പം നിൽക്കാതെ വിനേഷ് ഫോഗട്ടിന്റെ കണ്ണുനീർ കാണാനായിരുന്നു ബി.ജെ.പി കേന്ദ്രങ്ങൾ ആഗ്രഹിച്ചത്. പിന്നീട് റെയിൽവേയിലെ തന്റെ ജോലി രാജിവച്ച് വിനേഷ് ഫോഗട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു. അതോടെ കോൺഗ്രസ് നേതൃത്വം ഹരിയാനയിൽ ടിക്കറ്റ് ഉറപ്പാക്കി കളത്തിൽ ഇറക്കുകയായിരുന്നു.
ശേഷം ഹരിയാനയിലെ ജനങ്ങൾ താരത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചപ്പോൾ കണ്ണുനിറഞ്ഞാണ് അന്ന് വിനേഷ് ജനങ്ങൾക്കു നേരെ കൈവീശിയത്. ഇന്നിതാ, രാഷ്ട്രീയ ഗോദയിലേക്കുള്ള പുതുവഴിയിൽ ജനങ്ങളും താരത്തെ ചേർത്തു പിടിച്ചിരിക്കുന്നു. ഇത് ‘സത്യത്തിന്റെ വിജയം’ എന്നാണ് താരത്തിന്റെ ജയത്തോടുള്ള ആദ്യ പ്രതികരണം.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നില മാറിമറിഞ്ഞ മണ്ഡലത്തിൽ അവസാനഘട്ടത്തിലാണ് വിനേഷ് തന്റെ കൃത്യമായ വരവറിയിച്ച് വിജയം കൈപ്പിടിയിലൊതുക്കിയത്.