ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാരിനെ വിമർശിക്കുന്ന വീഡിയോ പങ്കുവച്ച വനിതാ മാദ്ധ്യമപ്രവർത്തകർ അറസ്റ്റിൽ. മുതിർന്ന മാദ്ധ്യമപ്രവർത്തക രേവതി പൊഗഡാഡന്ദയും സഹപ്രവർത്തക തൻവി യാദവുമാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ഇരുവരെയും വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രേവതിയുടെ ഉടമസ്ഥതയിലുള്ള പൾസ് ടി വി എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചത്.
കോൺഗ്രസ് സർക്കാരിന്റെ കാലത്ത് തങ്ങൾ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് ഒരു കർഷകൻ പറയുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ മാദ്ധ്യമപ്രവർത്തകർ പങ്കുവച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അപകീർത്തിപ്പെടുത്തുന്നതാണ് വീഡിയോ എന്നാണ് പരാതിയിലുള്ളത്.
വീടുവളഞ്ഞാണ് രേവതിയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. രേവതിയുടെ ഭർത്താവ് ചൈതന്യയും അറസ്റ്റിലായി. ഇവരുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു. പൾസ് ടി വി ചാനലിന്റെ ഓഫീസ് പൂട്ടി സീൽ ചെയ്തു.
അതിരാവിലെ വീട്ടിൽ റെയ്‌ഡ് നടത്തുകയും മാദ്ധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയെ ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു വിമർശിച്ചു. തെലങ്കാന പൊലീസിന്റെ നടപടി അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.