പൂനെ: മദ്യപിച്ച് ബസിൽ ശല്യംചെയ്ത യുവാവിനെ തുടർച്ചയായി കരണത്തടിച്ച് അധ്യാപിക. ഭർത്താവിനും കുട്ടിക്കുമൊപ്പം ബസിൽ യാത്ര ചെയ്യവെയാണ് യുവാവ് യുവതിയെ പലതവണയായി ശല്യം ചെയ്യാൻ ശ്രമിച്ചത്.
ഒടുവിൽ യുവതി ഇയാളുടെ ഷർട്ടിന്റെ കോളറിന് പിടിച്ച് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത് 26 തവണ മുഖത്ത് ഇരുഭാഗത്തുമായി അടിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
യുവാവിനെ കുത്തിന് പിടിച്ച് അധ്യാപിക മുഖത്തടിക്കുമ്പോൾ കൈകൾ കൂപ്പി നിൽക്കുന്നതാണ് വിഡിയോയിലുള്ളത്. യുവാവിനെ നിരന്തരമായി മർദ്ദിക്കുന്നതിനിടെ ബസ് കണ്ടക്ടർ ഇടപെട്ടെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന് ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. മർദ്ദനമേറ്റയാളുടെ ഭാര്യ അധ്യാപികയോട് മാപ്പപേക്ഷിക്കുകയും കൂടുതൽ നടപടികളിലേക്ക് പോകരുതെന്ന് അപേക്ഷിച്ചതിന് പിന്നാലെ പരാതി നൽകാതെ പിരിയുകയായിരുന്നു.
ഷിർദിയിൽ നിന്നുള്ള സ്‌പോർട്‌സ് അധ്യാപികയായ പ്രിയ ലഷ്‌കറയോടാണ് ബസ് യാത്രക്കാരനായ യുവാവ് അപമര്യാദയായി പെരുമാറിയത്. ഇയാൾ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
സ്ത്രീകൾക്കെതിരെ പൊതുരംഗത്തുണ്ടാകുന്ന അപമര്യാദകളോട് ഇവ്വിധം മുഖത്തുനോക്കി ഇടപെടണമെന്ന് പലരും പ്രതികരിച്ചു. അധ്യാപികയായ യുവതിയുടെ ആർജവത്തെയും പലരും പ്രകീർത്തിച്ചു.