അങ്കോള: കർണാടകയിലെ ഷിരൂരിൽ മലയിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തിരച്ചിലിൽ പ്രതീക്ഷ നൽകുന്ന നിർണായക കണ്ടെത്തലുകൾ.
തിരച്ചിലിൽ അർജുന്റെ ലോറിയുടെ കയറും ക്രാഷ് ഗാർഡും കണ്ടെത്തിയിട്ടുണ്ട്. ഇത് അർജുന്റെ ലോറിയുടേത് തന്നെയെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. കുറച്ച് വസ്ത്ര ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാലിത് അർജുന്റേതാണോ എന്നതിൽ വ്യക്തതയായിട്ടില്ല. ഇതേ പോയിന്റിൽ നടത്തിയ തിരച്ചിലിൽ ലക്ഷ്മൺ നായികിന്റെ ചായക്കടയുടെ ഷീറ്റും കണ്ടെത്തിയിട്ടുണ്ട്. പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരു ഭാഗവും ഒരു കെട്ട് കയറും ലഭിച്ചതിന് പിന്നാലെ തോൾ സഞ്ചിയും ഒരു ലോഹഭാഗവും കണ്ടെത്തിയിട്ടുണ്ട്.
അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയിക്കുന്ന പോയിന്റ് രണ്ട് എന്ന സ്ഥലത്താണിപ്പോൾ പുഴയിൽ വീണ മണ്ണ് നീക്കിയുള്ള പരിശോധന തുടരുന്നത്. ഇന്നലെ തിരച്ചിലിനിടെ ലക്ഷ്മൺ നായികിന്റെ ചായക്കട ഭാഗത്തുനിന്ന് കണ്ടെത്തിയ അസ്ഥിഭാഗം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
അതിനിടെ, തിരച്ചിലിൽ തൃപ്തിയുണ്ടെന്ന് അർജുന്റെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. മറ്റു നിർദേശങ്ങളൊന്നും അധികൃതർക്ക് മുന്നിൽ വെക്കാനില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ഷിരൂരിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ജൂലൈ 16ന് രാവിലെ 8.30ഓടെയാണ് കന്യാകുമാരി-പനവേൽ ദേശീയപാത 66-ൽ മംഗളൂരു-ഗോവ റൂട്ടിൽ അങ്കോളയ്ക്ക് സമീപം ഷിരൂരിൽ കനത്ത മലയിടിച്ചിലുണ്ടായി അർജുനെ കാണാതായത്. അത്യാധുനിക സംവിധാനങ്ങളും മറ്റും ഉപയോഗിച്ച് പല തവണ തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം നിർത്തിവെക്കേണ്ടി വരികയും പ്രതിസന്ധിയിലാകുകയുമായിരുന്നു.
ആഗസ്ത് 17ന് അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും പിന്നീട് വീണ്ടും പുനരാരംഭിക്കുകയായിരുന്നു. കാലാവസ്ഥ പ്രദേശത്ത് ഇപ്പോഴും വലിയ ആശങ്ക ഉയർത്തുന്നുണ്ട്. അടുത്ത മൂന്നുദിവസം ഇവിടെ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. ഇത് ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരിച്ചിലിന് തടസ്സമുണ്ടാക്കുമെന്നാണ് റിപോർട്ടുകൾ.