ചെന്നൈ: തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ യുവാവ് സ്കൂൾ വരാന്തയിൽ വച്ച് കുത്തിക്കൊന്നു. ഇന്ന് രാവിലെ സ്കൂളിലെത്തിയതിന് പിന്നാലെയാണ് അരുംകൊലയുണ്ടായത്.
മല്ലിപ്പട്ടണം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി(26)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി എം മദനെ(30) അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. നാലുമാസം മുമ്പാണ് രമണി ഈ സ്കൂളിലേക്ക് അധ്യാപികയായെത്തിയത്.
പ്രതി അധ്യാപികയെ പുറത്തേക്ക് വിളിച്ച് കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് ടീച്ചറുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ടീച്ചറെ ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചതായാണ് പ്രാഥമിക വിവരം. കൊലപാതകം നടത്തിയശേഷം പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുട്ടികളും അധികൃതരും ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
പ്രതി പലവട്ടം അധ്യാപികയോട് പ്രണയാഭ്യർത്ഥന നടത്തുകയും കൂട്ടുകാർക്കൊപ്പം ചേർന്ന് ശല്യപ്പെടുത്തിയതായും പറയന്നു. സംഭവത്തിൽ കൂട്ടുകാരുടെ പരിഹാസം കൂടിയായതോടെ പ്രതിക്ക് അധ്യാപികയോട് പക കൂടുകയും അത് കൊലയിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നുവെന്നും പറയുന്നു.