ന്യൂഡല്‍ഹി– അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയിലേക്ക് വരുന്നു. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ടെസ്ല. ടെസ്ല ഷോറൂമിലേക്ക് ജീവനക്കാരെ നിയമിക്കാനുള്ള നടപടികള്‍ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നീക്കം. കഴിഞ്ഞയാഴ്ച യു.എസ് സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി ഇലോണ്‍മസ്‌കുമായി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു.
അഞ്ച് വര്‍ഷം മുമ്പ് ടെസ്ല ഇന്ത്യയിലേക്ക് വരുന്നെന്ന് പ്രഖ്യാപിക്കുകയും എന്നാല്‍ ഇറക്കുമതി തീരുവ ഉള്‍പ്പെടെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര നയങ്ങളുടെ പേരില്‍ നീണ്ട് പോയി. ഡല്‍ഹി. മുംബൈ നഗരങ്ങളിലാണ് ടെസ്ലയുടെ ഷോറൂമുകള്‍ ഒരുങ്ങുന്നത്. ഷോറൂമുകളിലേക്കുള്ള 13 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍വീസ് മാനേജര്‍, ടെക്‌നിഷ്യന്‍, സെയില്‍സ് അഡൈ്വസര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് അഡൈ്വസര്‍ എന്നീ തസ്തികകളിലേക്കാണ് ആളുകളെ തേടുന്നത്.
ആദ്യഘട്ടത്തില്‍ വില്‍പന, സര്‍വീസ് കേന്ദ്രങ്ങളും ഭാവിയില്‍ നിര്‍മാണ പ്ലാന്റും തുടങ്ങിയേക്കും. കഴിഞ്ഞ ബജറ്റില്‍ 40000 ഡോളറിന് മുകളിലുള്ള ഇലക്ട്രിക് കാറുകളുടെ തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇന്ത്യയില്‍ ഷോറൂമുകൾ തുറക്കാനുള്ള ഒരുക്കങ്ങള്‍ക്ക് സമാന്തരമായിട്ട് തന്നെ ടെസ്ല കാറുകളുടെ പരീക്ഷണയോട്ടവും ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.