ശ്രീനഗര്‍– പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികള്‍ തെക്കന്‍ കാശ്മീരില്‍ തന്നെ ഒളിച്ചിരിക്കുന്നതിന്റെ ശക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ. ആക്രമണം നടത്തിയവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേര്‍ മേഖലയില്‍ ഒളിച്ചു കഴിയുന്നുണ്ട് എന്നും നിഗമനമുണ്ട്. ആവശ്യമുള്ള ഭക്ഷണ സാധനങ്ങളും മറ്റും ഭീകരവാദികള്‍ കയ്യില്‍ കരുതിയതിനാല്‍ പുറത്ത് നിന്നുള്ള പിന്തുണയില്ലാതെ കുറേക്കാലത്തേക്ക് വനപ്രദേശത്ത് കഴിയാന്‍ അവരെ അനുവദിക്കുന്നു.
ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ദൃക്‌സാക്ഷികളില്‍ നിന്നും അന്യേഷണ ഏജന്‍സി രേഖപ്പെടുത്തിയ മൊഴിയില്‍ നിന്നും ഭീകരാക്രമണം കൃത്യമായ പഠനത്തിന് ശേഷമാണ് നടത്തിയതെന്ന് വെളിവായിരിക്കുകയാണ്. ബൈസരന്‍ വാലിയിലേക്കുള്ള പ്രധാന കവാടവും പുറത്തേക്കുള്ള വഴിയും തടസ്സപ്പെടുത്തിപ്പെടുത്തിയാണ് ആക്രമിച്ചത്. ഭീകരരില്‍ നാലു പേരില്‍ രണ്ട് പേര്‍ പ്രധാന കവാടത്തിലൂടെ ആക്രമണം നടത്തുകയും ഒരാള്‍ പുറത്തേക്കുള്ള വഴിയിലും നാലാമന്‍ പൈന്‍ മരക്കാട്ടിലും നില്‍ക്കുകയായിരുന്നുവെന്നാണ് നിഗമനം.
തീവ്രവാദികള്‍ രണ്ട് പേര്‍ സൈന്യത്തിന്റെ വേഷത്തിലും ഒരാള്‍ പരമ്പരാഗത കശ്മീരികളുടെ വസ്ത്രമായ ഫെരനുമാണ് ധരിച്ചത്. പുറത്തേക്കുള്ള വഴിയില്‍ നിന്നയാള്‍ വെടിയുതിര്‍ത്ത് പരിഭ്രാന്തി പരത്തുകയും ഇത് കേട്ട് പ്രവേശന കവാടത്തിനടുത്തേക്ക് ഓടിയെത്തിയവരെ വെടിവെക്കുകയുമായിരുന്നു. കൂടുതല്‍ സഞ്ചാരികള്‍ ഒത്തുകൂടിയ ചായക്കടക്കും ഭേല്‍പുരി കടക്കും സമീപമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം പാര്‍ക്കിന്റെ ഇടതുവശത്തുള്ള മതില്‍ ചാടി തീവ്രവാദികള്‍ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന്റെ ഒരാഴ്ച മുമ്പ് ഏപ്രില്‍ 15ന് തീവ്രവാദികള്‍ പ്രദേശത്തെ മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണം നടത്തിയതായി ഏജന്‍സി കണ്ടെത്തി. ഭീകരവാദികളില്‍ ഒരാല്‍ പ്രാദേശിക അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ എത്തിയതായും കനത്ത സുരക്ഷ കാരണമാണ് പദ്ധതി അവിടെ നടപ്പാക്കുന്നത് ഉപേക്ഷിച്ചത്.