കോഴിക്കോട്: മലബാറിൽ ഏറെ ചർച്ചയായ മെക് സെവൻ (മെക് 7) എന്ന വ്യായാമ കൂട്ടായ്മയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. മെക് സെവന് വളരെ ചുരുങ്ങിയ കാലത്തിനകം ലഭിച്ച ജനപിന്തുണയ്‌ക്കെതിരെ ചില കേന്ദ്രങ്ങൾ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് എൻ.ഐ.എയുടെ പ്രാഥമിക അന്വേഷണമെന്നാണ് വിവരം.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മെക് 7 സംവിധാനം ഹൈജാക്ക് ചെയ്‌തെന്ന ആരോപണത്തിന്റെ നിജസ്ഥിതി അടക്കം അന്വേഷണത്തിൽ വരും. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് മെക് 7 പെട്ടെന്ന് വളർന്നതെന്നും ആരോപണങ്ങളുണ്ട്. ഇതെല്ലാം സംഘത്തിന്റെ അന്വേഷണ പരിധിയിലുണ്ട്.
സ്ത്രീകളും പുരുഷൻമാരുമടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികൾ കക്ഷി രാഷ്ട്രീയ മതവ്യത്യാസമില്ലാതെ മെക് സെവനെ സ്വീകരിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ കേന്ദ്രങ്ങൾ രംഗത്തുവന്നിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും തലയാണ് ഈ വ്യായാമ മുറയെന്നും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, അതിന്റെ സ്ഥാപകൻ തന്നെ താൻ പ്രസ്തുത സംഘടനകളിൽ പ്രവർത്തിക്കുന്ന ആളല്ലെന്നും റിട്ട. സൈനികനായ ഞാൻ ജീവിതശൈലി രോഗങ്ങൾക്കെതിരേ നാട്ടിൽ തുടങ്ങിയ ഒരു കൂട്ടായ്മയാണ് ഇവ്വിധം വ്യാപിച്ചതെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ, മെക് സെവന് പിന്നിൽ മതരാഷ്ട്രവാദികളാണെന്നും മലബാർ മേഖലയിൽ മെക് 7 പ്രവർത്തനം വ്യാപകമാകുന്നതിന് പിന്നിൽ ജമാഅത്തും പോപ്പുലർ ഫ്രണ്ടുമാണെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനൻ മാസ്റ്റർ ആരോപിച്ചിരുന്നു. മെക് 7 തുടങ്ങിയത് സദുദ്ദേശ്യത്തോടെയാണെങ്കിലും പിന്നിൽ തീവ്രവാദസംഘടനകൾ കടന്നുകൂടിയെന്നും സമൂഹത്തിന് ജാഗ്രത വേണമെന്നുമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അതേപോലെ, മെക് സെവൻ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകരുമുണ്ടെന്നും സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടു. ഇതോടെ, മലബാർ മേഖലയിൽ അതിവേഗം പ്രചരിക്കുന്ന ഒരു വ്യായാമ കൂട്ടായ്മ വലിയ വിവാദമായിരിക്കുകയാണ്.
മെക് സെവനെതിരെ സമസ്തയിലെ എ.പി വിഭാഗം നേതാവും പണ്ഡിതനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫിയും രംഗത്തെത്തിയിരുന്നു. മെക് സെവന് പിന്നിൽ ചതിയുണ്ടെന്നും അതിൽ സുന്നികൾ പെട്ടുപോകരുതെന്നുമാണ് അദ്ദേഹത്തിന്റെ ഉപദേശം. എന്നാൽ, കാന്തപുരം വിഭാഗത്തിലെയും മറ്റു വിവിധ മുസ്‌ലിം സംഘടനകളിലെയും സി.പി.എം ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളിലെയുമെല്ലാം പ്രവർത്തകർ ഇപ്പോഴും മെക് സെവനിൽ വ്യായാമത്തിന് സജീവമായി എത്തുന്നുവെന്നതാണ് വസ്തുത.

സി.പി.എം നേതാവും മന്ത്രിയുമായ അഡ്വ. പി.എ മുഹമ്മദ് റിയാസും കേരള മുസ്‌ലിം ജമാഅത്തിന്റെ നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ മകനും സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന ജനറൽസെക്രട്ടറിയുമായ ഡോ. എ.പി അബ്ദുൽഹക്കീം അസ്ഹരി അടക്കമുള്ളവർ മെക് കൂട്ടായ്മക്കു പിന്തുണ നൽകി ഇടപെടലുകൾ നടത്തിയതും മെക് സംഘാടകർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ ഈ കൂട്ടായ്മക്കെതിരേ ചിലർ ആരോപണങ്ങളുന്നയിക്കുന്നുണ്ടെങ്കിലും ഇപ്പോഴും മൾട്ടി എക്‌സർസൈസ് കോമ്പിനേഷനായ മെക് സെവൻ വ്യാപകമാവുന്നതായാണ് റിപോർട്ടുകൾ. പുലർച്ചെ മലബാറിലെ പല പ്രദേശങ്ങളിലും സ്ത്രീകളും പുരുഷന്മാരും വെവ്വേറെ ഗ്രൗണ്ടുകളിലും മറ്റും ഒരുമിച്ചുകൂടി ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യ സംരക്ഷണത്തിനും നവ ഉന്മേഷത്തിനുമായി ഈ വ്യായാമ കൂട്ടായ്മയിൽ പങ്കുചേരുകയാണ്.
ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മെക് സെവൻ കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയോ പോപ്പുലർ ഫ്രണ്ടോ അല്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളിലും മതവിഭാഗങ്ങളിൽപ്പെട്ടവരും ഇതൊന്നും അല്ലാത്തവരും ഈ കൂട്ടായ്മയിൽ ഉണ്ടെന്നുമാണ് മെക് സെവൻ അധികൃതർ പറയുന്നത്. ആരോഗ്യ സംരക്ഷണത്തിന് 21 മിനുറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവൻ. മലപ്പുറം ജില്ലയിലെ തുറക്കലിലെ മുൻ സൈനിക ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ സ്വലാഹുദ്ദീനാണ് മെക് സെവന് നേതൃത്വം നൽകുന്നതെന്നും സംഘാടകർ വ്യക്തമാക്കി.
ഈ കൂട്ടായ്മക്ക് ആശംസ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ് കത്തയച്ചിട്ടുണ്ടെന്നും കൂട്ടായ്മ വ്യാപിപ്പിക്കണമെന്ന് മന്ത്രി തന്നെ ഞങ്ങളോട് ആവശ്യപ്പെട്ടതായും മെക് സെവൻ കോഴിക്കോടിന്റെ ചീഫ് കോ-ഓർഡിനേറ്റർ ടി.പി.എം ഹാഷിറലി പ്രതികരിച്ചു. മെക് സെവന്റെ കോഴിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തത് മുൻ മന്ത്രി അഹമദ് ദേവർകോവിലാണ്. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പും പരിപാടികൾ ഉദ്ഘാടനം ചെയ്തിരുന്നു. മെക് സെവൻ കൂട്ടായ്മയിൽ സിപിഎം നേതാക്കളും ഉണ്ട്. മെക് നിയമവിരുദ്ധ പ്രവർത്തനം നടത്തുണ്ടെങ്കിൽ പോലീസ് അന്വേഷിക്കട്ടെയെന്നും ഹാഷിറലി പ്രതികരിച്ചു. സംഭവം വിവാദമായതോടെ, മന്ത്രി മുഹമ്മദ് റിയാസ് അയച്ച കത്തും മേയർ ഡോ. ബീന ഫിലിപ് പങ്കെടുത്ത പരിപാടിയുടെയുമെല്ലാം ഫോട്ടോകളും സംഘടാകർ പുറത്തുവിട്ടിട്ടുണ്ട്.