കാൻപൂർ– പെട്രോൾ പമ്പുകളിൽ നടക്കുന്ന പുതിയ രീതിയിലുള്ള ഇന്ധന തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ഉത്തർപ്രദേശിലെ കാൻപൂരിൽ നിന്ന് പുറത്ത്. 45 ലിറ്റർ മാത്രം പരമാവധി സംഭരണശേഷിയുള്ള പുത്തൻ കാറിന്റെ ടാങ്കിൽ 52 ലിറ്ററിലധികം പെട്രോൾ അടിച്ചതായി കാണിച്ച് പമ്പ് ജീവനക്കാർ ബില്ല് നൽകിയതാണ് വിവാദത്തിന് കാരണമായത്. സംഭവം വൻ വാർത്തയായതോടെ ജില്ലാ ഭരണകൂടം ഇടപെടുകയും പമ്പിലെ ഇന്ധന വിതരണ യന്ത്രങ്ങൾ അടിയന്തരമായി പരിശോധിക്കാൻ ഉത്തരവിടുകയും ചെയ്തു.
ചരൺ സിംഗ് എന്നയാൾ അടുത്തിടെ വാങ്ങിയ പുത്തൻ കാറുമായാണ് കാൻപൂരിലെ പെട്രോൾ പമ്പിലെത്തിയത്. കാറിന്റെ ഡാഷ്‌ബോർഡിലെ ഫ്യുവൽ ഇൻഡിക്കേറ്റർ പ്രകാരം ടാങ്കിൽ ഏകദേശം 5 ലിറ്ററോളം പെട്രോൾ ബാക്കിയുണ്ടായിരുന്നു. ടാങ്ക് ഫുൾ ആക്കാൻ ചരൺ സിംഗ് ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ പെട്രോൾ അടിച്ച് കഴിഞ്ഞ് കൈയിൽ കിട്ടിയ ബില്ല് കണ്ട് അദ്ദേഹം സ്തബ്ധനായിപ്പോയി. 52 ലിറ്റർ പെട്രോൾ അടിച്ചതായായിരുന്നു ബില്ലിൽ ഉണ്ടായിരുന്നത്.
ടാങ്കിൽ അത്രയും പെട്രോൾ കൊള്ളില്ലെന്നും ബാക്കി ഇന്ധനം കൂടിയുള്ളപ്പോൾ ഇത് അസാധ്യമാണെന്നും കാണിച്ച് ചരൺ സിംഗ് ജീവനക്കാരെ ചോദ്യം ചെയ്തു. ഇതോടെ ജീവനക്കാർ വിചിത്രമായ ന്യായീകരണങ്ങളുമായി രംഗത്തെത്തി. ആദ്യം അവർ 41 ലിറ്ററാണ് അടിച്ചത്. ഇത് ചരൺ സിംഗ് ചോദ്യം ചെയ്തപ്പോൾ, വലിയ അളവിൽ ഇന്ധനം അടിക്കുമ്പോൾ രണ്ട് ഘട്ടങ്ങളായി മാത്രമേ അടിക്കാൻ കഴിയൂ എന്ന് ജീവനക്കാർ പറഞ്ഞു. തുടർന്ന് മെഷീനിൽ വീണ്ടും കൃത്രിമം കാണിച്ച് 11 ലിറ്റർ കൂടി ബില്ലിലേക്ക് കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് ചരൺ സിംഗ് പറയുന്നു.
കമ്പനി പ്രതിനിധിയെ പമ്പിലേക്ക് വിളിപ്പിച്ചു
ഇത് ആസൂത്രിതമായ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ചരൺ സിംഗ് പിന്മാറാൻ തയ്യാറായില്ല. അദ്ദേഹം ഉടൻ തന്നെ കാർ നിർമ്മാണ കമ്പനിയുടെ പ്രതിനിധിയെ പമ്പിലേക്ക് നേരിട്ട് വിളിപ്പിച്ചു. സ്ഥലത്തെത്തിയ കമ്പനി ഉദ്യോഗസ്ഥൻ, ഈ കാറിന്റെ ടാങ്ക് കപ്പാസിറ്റി ഒരു സാഹചര്യത്തിലും 45 ലിറ്ററിൽ കൂടില്ലെന്ന് സാങ്കേതിക രേഖകൾ സഹിതം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സാങ്കേതിക തെളിവുകൾ പുറത്തുവന്നതോടെ പമ്പ് അധികൃതർ പരസ്പരവിരുദ്ധമായ മറുപടികൾ നൽകി ഒഴിയാൻ ശ്രമിച്ചു. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പമ്പിൽ ഇത്തരം തട്ടിപ്പുകൾ നടക്കുന്നതെന്ന് ആരോപിച്ച് ചരൺ സിംഗ് പോലീസിലും ജില്ലാ ഭരണകൂടത്തിലും പരാതി നൽകിയിട്ടുണ്ട്. പമ്പിലെ മെഷീനുകളിൽ അളവിൽ കൃത്രിമം കാണിക്കാൻ പ്രത്യേക ചിപ്പുകൾ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലാ ഭരണകൂടം അന്വേഷണസംഘത്തെ നിയോഗിച്ചു.



