ചെന്നൈ– തമിഴ്നാട് ബിജെപി പ്രസിഡന്റായി തിരുനെല്‍വേലി എം.എല്‍.എയും, മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ നൈനാര്‍ നാഗേന്ദ്രന്‍ പത്രിക സമര്‍പ്പിച്ചു. നിലവിലെ അധ്യക്ഷനായ കെ. അണ്ണാമലൈ, വാനതി ശ്രീനിവാസൻ, എച്ച്. രാജ, പൊന്‍ രാധാകൃഷ്ണൻ എന്നിവർ പിന്തുണച്ചു. ഏപ്രില്‍ 13-നാണ് ഔദ്യോഗിക നിയമനം പ്രഖ്യാപിച്ചത്.
മുമ്പ് എ.ഐ.എഡി.എം.കെയിലായിരുന്ന നാഗേന്ദ്രന്‍ ഗതാഗതം, വൈദ്യുതി, വ്യവസായം, ഗ്രാമീണ വ്യവസായം തുടങ്ങി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് ബിജെപിയില്‍ ചേരുകയും, 2021ല്‍ തിരുനെല്‍വേലിയില്‍ നിന്ന് എം.എല്‍.എയായി വിജയിക്കുകയും ചെയ്തു. നൈനാരെ നേതൃസ്ഥാനത്ത് എത്തിക്കുന്നതിലൂടെ 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.
അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് നേരത്തെ ഇ.പി.എസിന്റെ നേത്രത്തിലുള്ള അണ്ണാ ഡി.എം.കെ എന്‍.ഡി.എ മുന്നണി വിട്ടത്. നൈനാര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതോടെ അണ്ണാ ഡി.എം.കെ മുന്നണിയിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ നൈനാരുടെ നിയമനം, സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിയുടെ സ്ഥാനം ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.