ചെന്നൈ: വടക്കൻ തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 33 ആയി. 60 പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുന്നുണ്ട്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്.
വ്യാജ പാക്കറ്റ് ചാരായമാണ് ഇവർ കഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെ. കണ്ണുകുട്ടി (49) എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്ന് 200 ലിറ്റർ വ്യാജച്ചാരായം പിടിച്ചെടുത്തു.
സംഭവത്തിൽ സിബി-സിഐഡി അന്വേഷണത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു. കള്ളാക്കുറിച്ചി ജില്ലാ കളക്ടർ ശ്രാവൺകുമാർ ജാടവത്തിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ് സിംഗ് മീണയെ സസ്പെൻഡ് ചെയ്തു.
കള്ളാക്കുറിച്ചി കരുണാപുരത്തുണ്ടായ ദുരന്തത്തില്‍ നിരവധി പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയോടെയാണ് കരുണാപുരത്ത് ദിവസവേതനക്കാരായ ഒരുസംഘം തൊഴിലാളികൾ വ്യാജ മദ്യവിൽപ്പനക്കാരിൽനിന്ന് മദ്യം വാങ്ങിയത്. മദ്യം കഴിച്ചതിനുശേഷം തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും തലവേദനയും ഛർദിയും തലകറക്കവും അനുഭവപ്പെട്ടു. തുടർന്ന് ഓരോരുത്തരെയായി ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു.