അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. വ്യാഴാഴ്ചയാണ് അമീര്‍ ഖാന്‍ മുത്താക്കി പ്രഥമ ഇന്ത്യാസന്ദര്‍ശനത്തിന് ന്യൂഡല്‍ഹിയിലെത്തിയത്. വെള്ളിയാഴ്ച വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ഉച്ചകഴിഞ്ഞ് അഫ്ഗാനിസ്താന്‍ എംബസിയില്‍ മുത്തഖി നടത്തിയ വാർത്താസമ്മേളനത്തിലേക്ക് വനിതകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
താലിബാന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ പ്രതിഫലനമാണിതെന്നും ഇന്ത്യയിൽ ഇത്തരത്തിലുള്ള വിവേചനപരമായ നയങ്ങൾക്ക് അവസരം നൽകിയ കേന്ദ്ര സർക്കാരിനെയും വനിതാ മാധ്യമ പ്രവർത്തകർ ശക്തമായി വിമർശിച്ചു. സ്‌ത്രീകളോട് ഇത്രയും അവഹേളനം കാട്ടുന്ന താലിബാൻ സംഘത്തെയാണ് കേന്ദ്രസർക്കാർ പൂർണ സംരക്ഷണത്തോടെ സ്വീകരിച്ച് ആനയിക്കുന്നതെന്നാണ് മാധ്യമപ്രവർത്തക സുഹാസിനി ഹൈദർ കുറിച്ചത്.
ഒരു വനിതാ മാധ്യമപ്രവർത്തകയെ പോലും മുറിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്ത വാര്‍ത്താസമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം വെറും പ്രചാരണം മാത്രമായിരുന്നു എന്നായിരുന്നു മുത്തഖിയുടെ മറുപടി. അതേസമയം മുംബൈയിലെ അഫ്‌ഗാനിസ്ഥാൻ കോൺസുലർ ജനറലാണ് വാർത്താസമ്മേളനത്തിലേയ്‌ക്ക് മാധ്യമപ്രവർത്തകരെ ക്ഷണിച്ചതെന്നും വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിൽ ഇന്ത്യക്ക് പങ്കില്ലെന്നുമാണ് വിദേശമന്ത്രാലയം പ്രതികരിച്ചത്.
വനിതകളെ വിലക്കിയതിനെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയിത്രയും രംഗത്തെത്തി.
താലിബാൻ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിത ജേര്‍ണലിസ്റ്റുകളുടെ അഭാവം പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനു വേണ്ടി മാത്രമാണോ പ്രധാനമന്ത്രി വനിതകളുടെ അവകാശങ്ങളെ വിലമതിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.
കേന്ദ്രസര്‍ക്കാരിനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനുമെതിരേ കടുത്തവിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു മഹുവയുടെ പ്രതികരണം. വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി പുരുഷന്മാര്‍മാത്രമുള്ള വാര്‍ത്താസമ്മേളനം നടത്താന്‍ അനുമതി നല്‍കാന്‍ എസ്. ജയശങ്കറിന് എങ്ങനെ ധൈര്യംവന്നുവെന്നും നട്ടെല്ല് ഇല്ലാത്ത നമ്മുടെ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ എന്തിന് അവിടെ ഇരുന്നുവെന്നും മഹുവ ചോദ്യങ്ങളുയർത്തി.
അതേസമയം, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ സഹകരണം ശക്തമാക്കുകയാണ്. കാബൂളില്‍ എംബസി പുനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയായിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം, സാങ്കേതിക സഹായം, മാനുഷിക സഹായം, സുരക്ഷാ സഹകരണം, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.