ന്യൂഡൽഹി– കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്കുള്ള വിശ്വാസം കാര്യമായി കുറഞ്ഞുവരുന്നുവെന്ന് സർവ്വേ. ഉത്തർപ്രദേശ് അടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് ഈ സാഹചര്യമുള്ളത്. സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ ‘ലോക്‌നീതി’ പ്രോഗ്രാം നടത്തിയ പോസ്റ്റ്-പോൾ സർവേയിലാണ് ഈ കണ്ടെത്തൽ. രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളാണ് ഇതിനെ ശക്തിപ്പെടുത്തിയത് എന്നും സർവേ പറയുന്നു.
2019-2025 കാലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസം ഉണ്ടായിരുന്നവരുടെ എണ്ണത്തിലാണ് വലിയ തോതിൽ കുറവ് വന്നിരിക്കുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആണ് ഏറ്റവും കുറവ് വിശ്വാസയോഗ്യത രേഖപ്പെടുത്തിയിരിക്കുന്നത്. മധ്യപ്രദേശിൽ 17 ശതമാനം വോട്ടർമാർക്കും ഡൽഹിയിലും ഉത്തർപ്രദേശിലും 21 ശതമാനം വോട്ടർമാർക്കും മാത്രമാണ് കമ്മീഷനോടുള്ള വിശ്വാസം.
അതേസമയം വിശ്വാസമില്ലാത്തവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുമുണ്ട്. 2024 ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ സർവ്വേയിൽ 14 % പേർക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉറച്ച വിശ്വാസമില്ല എന്നും 9% പേർക്ക് തീരെ വിശ്വാസമില്ല എന്നും കണ്ടെത്തി. 2019 തിരഞ്ഞെടുപ്പിന് മുമ്പ് ഈ കണക്ക് 7ഉം 5ഉം ശതമാനവും ആയിരുന്നു. ഈ കണക്കാണ് ഇരട്ടിയായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു