ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പ് വോട്ടെണ്ണലിലെ വൻ ട്വിസ്റ്റിൽ അമ്പരന്ന് കോൺഗ്രസ്. ആകെയുള്ള 90 സീറ്റിൽ കേവല ഭൂരിപക്ഷവും മറികടന്ന് 72 സീറ്റുവരെ ലീഡ് പിടിച്ച കോൺഗ്രസിന് കനത്ത തിരിച്ചടിയായി, ബി.ജെ.പിയുടെ അവിശ്വസനീയ മുന്നേറ്റമാണുണ്ടായത്. ഇത് തുടരുകയാണെങ്കിൽ ഹരിയാനയിൽ മൂന്നാം തവണയും ബി.ജെ.പിക്ക് അധികാരത്തിൽ തുടരാനായേക്കും.
വോട്ടെണ്ണലിലെ ആദ്യ മണിക്കൂറിലെ വൻ പ്രവണതകൾ കണ്ട് ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് അടക്കം കോൺഗ്രസ് പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ, ബി.ജെ.പിയുടെ തിരിച്ചുവരവ് തിരിച്ചറിഞ്ഞതോടെ കോൺഗ്രസ് ആഘോഷങ്ങൾ നിർത്തിയിരിക്കുകയാണ്. അതിനിടെ, ആഘോഷത്തിൽ വിതരണം ചെയ്ത കാവി ലഡുവാണ് തിരിച്ചടിയായതെന്ന് സമൂഹമാധ്യമങ്ങളിൽ പരിഹാസം ഉയർന്നിട്ടുണ്ട്.
ജമ്മു കശ്മീരിൽ വൻ മുന്നേറ്റമുണ്ടാക്കിയെങ്കിലും, ഹരിയാനയിൽ ബി.ജെ.പി ലീഡ് തിരിച്ചുപിടിച്ചതോടെ കോൺഗ്രസ്-ഇന്ത്യാ സഖ്യം ക്യാമ്പിൽ വൻ നിരാശയാണുള്ളത്. എങ്കിലും അവസാനം എന്തെങ്കിലും അത്യഭുതങ്ങൾ സംഭവിക്കട്ടെ എന്ന പ്രതീക്ഷയിലാണ് ഇന്ത്യാ നേതാക്കൾ. നിലവിൽ ബി.ജെ.പി 47 സീറ്റിലും കോൺഗ്രസ് 37 സീറ്റിലുമാണ് ഹരിയാനയിൽ മുന്നേറുന്നത്. ആറു സീറ്റിൽ സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്.
ബി.ജെ.പി കേന്ദ്രങ്ങൾ സർക്കാറുണ്ടാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുമ്പോഴും ഹരിയാനയിലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ നിരാശരാകേണ്ടെന്നും കാത്തിരിക്കാമെന്നുമാണ് പ്രതികരിച്ചത്.