ന്യൂഡല്‍ഹി- പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്യേഷണം ആവശ്യപ്പെട്ട്‌കൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഹര്‍ജികള്‍ സമര്‍പ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. പൊതു താല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും സമര്‍പ്പിക്കുന്നതിന് മുമ്പ് വിഷയത്തിന്റെ സെന്‍സിറ്റിവിറ്റി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് സൂര്യകാന്ത് പരിഗണിച്ച ഹരജി പിന്‍വലിക്കുന്നതാണ് നല്ലതെന്ന് കോടതി ചൂണ്ടി കാണിച്ചു. തീവ്രവാദത്തിനെതിരെ ഓരോ ഇന്ത്യക്കാരനും പോരാടാന്‍ കൈകോര്‍ത്ത നിമിഷമാണിത്. ഓരോ പൗരനും രാജ്യത്തോട് ചില കടമകളുണ്ട്. സൈന്യത്തിന്റെ മനോവീര്യത്തെ തകര്‍ക്കരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി നല്‍കിയവര്‍ തന്നെ പിന്‍വലിക്കുകയായിരുന്നു