ഇംഫാൽ– മണിപ്പൂരിലെ ന്യൂനപക്ഷ പ്രദേശമായ ലില്ലോങ്ങില്‍ വഖഫ് ബില്ലിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത ബി.ജെ.പി നേതാവിന്റെ വീട് കത്തിച്ചു. ന്യൂനപക്ഷമോര്‍ച്ച അധ്യക്ഷന്‍ മുഹമ്മദ് അസ്‌കര്‍ അലിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം വഖഫ് ബില്ലിനെ പിന്തുണച്ച് അസ്‌കര്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പങ്ക് വെച്ചിരുന്നു. ഇതിന് പിന്നാലെ ഒരു കൂട്ടം അക്രമികള്‍ വീടിന് നേരെ കല്ലെറിയുകയും പിന്നീട് കത്തിക്കുകയുമായിരുന്നു.
തീയണക്കാന്‍ എത്തിയ അഗ്നിശമനസേനയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞെന്ന് പോലീസ് പറഞ്ഞു. വീടിന് തീവെച്ചതിനു പിന്നാലെ മുസ്ലിം സമുദായത്തോട് മാപ്പ് അപേക്ഷിച്ച് മറ്റൊരു വീഡിയോ കൂടി അസ്‌കര്‍ അലി പുറത്ത് വിട്ടു. വഖഫ് ബില്ല് എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ സര്‍ക്കാറിനോട് ആവിശ്യപ്പെടുമെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. വീട് കത്തിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു.