ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിൽ ‘മിൽട്ടൺ’ കൊടുങ്കാറ്റ് ഭീതിയെ തുടർന്ന് അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. 55 ലക്ഷംപേരെ ഒഴിപ്പിച്ചതായി യു.എസ് സർക്കാർ അറിയിച്ചു. ബുധനാഴ്ച രാത്രിയോടെ മിൽട്ടൺ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മണിക്കൂറിൽ 255 കിലോ മീറ്ററിനും മുകളിൽ വേഗം കൈ വരിച്ചതോടെ ഏറ്റവും അപകടകാരിയായ ചുഴലിക്കാറ്റിന്റെ ലിസ്റ്റിലേക്ക് അടിച്ചു കയറിയ മിൽട്ടൺ ന്യൂ മെക്‌സിക്കോയും കടന്ന് ഫ്‌ളോറിഡയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ, ഫ്‌ളോറിഡയെത്തുമ്പോൾ കാറ്റിന്റെ വേഗം കുറയാനുള്ള സാധ്യതയും അമേരിക്കയിലെ നാഷണൽ ഹറികെയ്ൻ സെന്റർ പ്രവചിച്ചിട്ടുണ്ട്. ഫ്‌ളോറിഡ സംസ്ഥാനത്തെ ടാംപ പട്ടണത്തിൽ കാറ്റഗറി 3 ചുഴലിക്കാറ്റായി മിൽട്ടൺ കരകയറുമെന്നാണ് ഇവരുടെ പ്രവചനം.
അതിനിടെ, മിൽട്ടണും മുകളിൽ പറന്ന് കാറ്റിന്റെ രൗദ്ര ഭാവങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയം ഒപ്പിയെടുത്തിട്ടുണ്ട്. ഇവ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെ ലോകം ആശങ്കയോടെയാണ് മിൽട്ടനെ നോക്കിക്കാണുന്നത്.
ഏറ്റവും വേഗമേറിയ ചുഴലിക്കാറ്റുകളിൽ ഒന്നിനെ മിൽട്ടണെ നേരിടാൻ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് ഫ്‌ളോറിഡയിൽ പുരോഗമിക്കുന്നത്. കാറ്റിനൊപ്പം അതിശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സംസ്ഥാനം സാക്ഷിയായേക്കും. സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇതിന്റെ ഭാഗമായി നടത്തിയത്. വീടുകളിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാനും വിമാനത്താവളങ്ങൾ അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്. ഇനി കാത്തിരിക്കാൻ അധിക സമയം ഇല്ലെന്നും എത്രയും പെട്ടെന്ന് അവശേഷിക്കുന്നവരും ഒഴിഞ്ഞുപോകണമെന്ന് ഗവർണർ റോൺ ഡി സാന്റിസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 12 ദിവസം മുമ്പ് ഹെലീൻ നാശം വിതച്ച അതേസ്ഥലങ്ങളിലൂടെയാണ് മിൽട്ടണും കടുന്നുപോവുക.