ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍, നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ വെടിവയ്പ്പും ഷെല്ലാക്രമണവും ഭീതിയുടെ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. സാധാരണ ദിനങ്ങളില്‍ ഇരുമ്പ് കമ്പികളുടെ ശബ്ദവും ഇഷ്ടികകള്‍ വയ്ക്കുന്ന താളവും തൊഴിലാളികളുടെ സൗഹൃദ സംഭാഷണങ്ങളും കൊണ്ട് ഉണര്‍ന്നിരുന്ന രജൗരിയുടെ പ്രഭാതങ്ങള്‍ ഇപ്പോള്‍ മാറിയിരിക്കുന്നു. പകരം, ഭയത്തിന്റെ കനത്ത മൗനം മാത്രം.
കഴിഞ്ഞ ദിവസങ്ങളില്‍, രജൗരിയിലെയും പൂഞ്ചിലെയും ഗ്രാമങ്ങളില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണം തുടര്‍ച്ചയായി നടക്കുന്നതിനാല്‍, ഈ പ്രദേശങ്ങളിലെ ജനജീവിതം താറുമാറായി. ഈ സംഘര്‍ഷത്തിന്റെ ഏറ്റവും വലിയ ഇരകള്‍, കശ്മീരില്‍ വീടുകളും കെട്ടിടങ്ങളും പണിതുയര്‍ത്താന്‍ എത്തിയ കുടിയേറ്റ തൊഴിലാളികളാണ്. ബിഹാര്‍, ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഇവര്‍ ഇവിടെ നിന്നും ജീവനും കൊണ്ട് പലായനം ചെയ്യുകയാണ്.
രജൗരിയിലെ ജവഹര്‍ നഗറില്‍, നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശത്ത്, പുലര്‍ച്ചെ മുതല്‍ ഇവരുടെ തിരിച്ച് പോക്കിന്റെ തിരക്ക് തുടങ്ങി. ബംഗാളില്‍ നിന്നുള്ള കല്‍പ്പണിക്കാരനായ മുഹമ്മദ് ഇന്തെഖാബ് ആലം, കീറിപ്പറിഞ്ഞ ഒരു ബാഗില്‍ തന്റെ സാധനങ്ങള്‍ വലിച്ചിഴച്ച് നടക്കുകയാണ്. ”എന്റെ മാതാപിതാക്കള്‍ എന്നെ വിളിച്ച് കരയുകയാണ്. ‘മോനെ, ജീവന്‍ രക്ഷപ്പെടുത്തൂ, പണം പിന്നെ സമ്പാദിക്കാം’ എന്നാണ് അവര്‍ പറയുന്നത്,” രാത്രി ഉറങ്ങാത്ത ക്ഷീണവും ഭയവും കലര്‍ന്ന കണ്ണുകളോടെ അവന്‍ പറഞ്ഞു.
അല്പം മുന്നോട്ട്, മുഹമ്മദ് സലിക്ക് തന്റെ കുഞ്ഞു മകളെ മാറോട് ചേര്‍ത്ത് പിടിച്ച് നടക്കുന്നു. കൈയില്‍ ഒരു സാധനവും ഇല്ല, മകളെ മാത്രം രക്ഷിക്കാനുള്ള ശ്രമത്തിലാണ് അവന്‍. ”ഇനി എന്താണ് പദ്ധതി?” എന്ന ചോദ്യത്തിന്, ”ഞങ്ങള്‍ ചിന്തിച്ചിട്ടില്ല. ഇവിടെ നിന്ന് രക്ഷപ്പെടണം, അത്രമാത്രം,” എന്ന് ശബ്ദം ഇടറിക്കൊണ്ട് അവന്‍ മറുപടി നല്‍കി.
”ഞങ്ങള്‍ക്ക് ജീവിക്കണം” എന്ന ഈ വാക്കുകള്‍, ഓരോ തൊഴിലാളിയില്‍ നിന്നും ആവര്‍ത്തിച്ച് കേള്‍ക്കാം. ബിഹാറിലെ കിഷന്‍ഗഞ്ജില്‍ നിന്നുള്ള ദില്‍ബര്‍ ആലം, ഒരു പൂട്ടിയ കടയ്ക്ക് മുന്നില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നു. ”ഞങ്ങള്‍ ഇവിടെ ജോലി ചെയ്യാന്‍ വന്നതാണ്, ഇപ്പോള്‍ ജീവനും കൊണ്ട് ഓടുകയാണ്,” ഒരു ദുര്‍ബലമായ ചിരിയോടെ അവന്‍ പറഞ്ഞു. ചായ കിട്ടുന്ന കടയും, രാവിലെ കോണ്‍ട്രാക്ടര്‍ കാത്തിരിക്കുന്ന സ്ഥലവും അവനറിയാമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ ജീവിതം മറ്റൊരു യുഗത്തിന്റെ ഓര്‍മ മാത്രമാണ്.
മറ്റൊരു തൊഴിലാളിയായ കിഷന്‍, എങ്ങനെ പോകുമെന്ന് പോലും തീരുമാനിച്ചിട്ടില്ല. ”വാഹനം കിട്ടിയാല്‍ കയറും, ഇല്ലെങ്കില്‍ നടക്കും. എന്തായാലും ഇവിടെ നിന്ന് രക്ഷപ്പെടണം,” അവന്‍ പറഞ്ഞു. മുഹമ്മദ് സഹീറുദ്ദീന്‍, മലനിരകളിലേക്ക് നോക്കി നിന്നു. അവിടെ, ഷെല്ലാക്രമണത്തിന്റെ പുക ഇപ്പോഴും പടര്‍ന്നു കിടക്കുന്നു. ”എന്റെ ജീവിതത്തില്‍ ഇതാദ്യമായാണ് ഇത്ര ഭയം തോന്നുന്നത്. എല്ലാ ദിവസവും വെടിവയ്പ്പാണ്.
പ്രാദേശിക ഭരണകൂടം, തൊഴിലാളികള്‍ക്കായി സുരക്ഷാ ക്യാമ്പുകള്‍ സജ്ജീകരിക്കുകയും റോഡുകളില്‍ പട്രോളിങ് ശക്തമാക്കുകയും ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. എന്നാല്‍, ഇവരുടെ ഭയം വാഗ്ദാനങ്ങള്‍ക്ക് കാത്തിരിക്കുന്നില്ല. രാത്രിയുടെ നടുവില്‍ ഷെല്ലുകളുടെ ശബ്ദവും, കുട്ടികളുടെ കണ്ണുകളിലെ ആശങ്കയും-ഇതാണ് രജൗരിയിലെ യാഥാര്‍ഥ്യം.
ഈ തൊഴിലാളികള്‍ കശ്മീരില്‍ ഒരു പോരാട്ടത്തിനല്ല, മറിച്ച് തങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനാണ് എത്തിയത്. എന്നാല്‍, ഇന്ന് അവര്‍ ജീവനുവേണ്ടി മാത്രം ഓടുകയാണ്. അവരുടെ നിരാശയും വിനയവും ഭയവും കലര്‍ന്ന ശബ്ദങ്ങള്‍ ഒരു പത്രപ്രവര്‍ത്തകന്റെ ഹൃദയത്തില്‍ മായാതെ തങ്ങിനില്‍ക്കുന്നു.
ലേഖകന്‍: അനുരാഗ് ദ്വാരി (റസിഡന്റ് എഡിറ്റര്‍, എന്‍ഡിടിവി)