കോഴിക്കോട്– കേരള മുഖ്യമന്ത്രി സ്ഥാനത്തോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹം വീണ്ടും തുറന്നുകാട്ടി തരൂർ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരളീയർ മുഖ്യമന്ത്രി ആയി ആഗ്രഹിക്കുന്നത് തന്നെയാണ് എന്ന സർവ്വേ ഫലം ശശി തരൂർ തന്നെ തന്റെ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചത്.
കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഗവേഷണ സ്ഥാപനം നടത്തിയ സർവേയിലാണ് തരൂറിന് അനുഗുണമായ ഫലം വന്നത്. സർവേ പ്രകാരം തരൂരിനെ 28.3 ശതമാനം പേരാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത്. പ്രതിപക്ഷ നേതാവായ വിഡി സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് 15.4 ശതമാനം പേർ പിന്തുണക്കുന്നുണ്ട്. എന്നാൽ യുഡിഎഫിൽ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതായി 27 ശതമാനം ആളുകൾ രേഖപ്പെടുത്തിയതായും സർവേ ഫലം പറയുന്നു.
സർവേ പുറത്തുവിട്ട കണക്ക് പ്രകാരം തരൂരിനെ പിന്തുണക്കുന്നവരിൽ 30 ശതമാനം പുരുഷന്മാരും 27 ശതമാനം സ്ത്രീകളുമാണ്. 18 നും 24 നും ഇടയിൽ പ്രായമുള്ളവരേക്കാൾ 55 വയസ്സിനും അതിൽ കൂടുതൽ പ്രായമുള്ളവരുടെ പിന്തുണയാണ് തരൂരിന് കൂടുതലായും ലഭിച്ചിട്ടുള്ളത്. എന്നാൽ ജനസമ്മതിയുടെ കാര്യത്തിൽ കെകെ ശൈലജക്ക് 24 ശതമാനം പിന്തുണ ലഭിച്ചിട്ടുണ്ട്. പിണറായി വിജയനാകട്ടെ ലഭിച്ചത് 17.5 ശതമാനം മാത്രമാണ്. 41 ശതമാനം ആളുകൾ എൽഡിഎഫിൽ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടെന്ന് അഭിപ്രായക്കാരാണ്.
ഇതിനെല്ലാമപ്പുറം, സർവേയിൽ പങ്കെടുത്ത വോട്ടർമാരിൽ 62 ശതമാനം പേരും തങ്ങളുടെ നിലവിലെ എംഎൽഎ യെ മാറ്റാൻ ആഗ്രഹിക്കുന്നതായി സർവേ ഫലം രേഖപ്പെുത്തുന്നു. 23 ശതമാനം പേർ മാത്രമാണ് സംസ്ഥാനത്ത് തൽസ്ഥിതി തുടരാൻ ആഗ്രഹിക്കുന്നത്. ഇത് ഭരണവിരുദ്ധ വികാരമാണെന്നും സർവേ രേഖപ്പെടുത്തുന്നുണ്ട്.
രണ്ട് വർഷം മുമ്പ് കേരള മുഖ്യമന്ത്രിയാകാൻ ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ട് തരൂർ കേരളത്തിലെ മത, സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തരൂർ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നതായും അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തരൂരിന്റെ നീക്കത്തെ മയപ്പെടുത്തുകയായിരുന്നു. കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തരൂർ തന്റെ പുതിയ നീക്കവുമായി വീണ്ടും എത്തുന്നത്.
കോൺഗ്രസിൽ അനിശ്ചിതത്വത്തിലായ മുഖ്യമന്ത്രി ആരെന്നുള്ള ചർച്ചയിൽ തന്റെ പേര് മുന്നിൽ പ്രതിഷ്ഠിക്കുകയാണ് തരൂർ ഇതുവഴി ലക്ഷ്യമാക്കുന്നത്. എന്നാൽ, ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ശശി തരൂർ സ്വീകരിച്ച നിലപാടിൽ കോൺഗ്രസ് ഹൈകമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.