തിരുവനന്തപുരം– ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ടുള്ള ഒരു പദവിയും തനിക്ക് വേണ്ടന്ന് ശശി തരൂർ. തന്റെ നിലപാട് കേന്ദ്ര സർക്കാരിനോട് വ്യക്തമാക്കിയതായും തരൂർ പറഞ്ഞു. തരൂർ ബിജെപിയിൽ ചേരുമെന്നും ഉപരാഷ്ട്രപതി പദവിയിലേക്ക് ഉള്‍പ്പെടെ തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നതടക്കം നിരവധി അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യം ബിജെപി തരൂരുമായി ചര്‍ച്ചയ്ക്ക് നിയോഗിച്ച ദൂതനോട് ഉള്‍പ്പെടെ തരൂര്‍ വ്യക്തമാക്കിയെന്നാണ് വിവരം.
ഉപരാഷ്ട്രപതി സ്ഥാനം അല്ലെങ്കില്‍ ക്യാബിനറ്റില്‍ സുപ്രധാന പദവി തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി തരൂരിന് മുന്നില്‍ വച്ചിരുന്നു. ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന കേശവദേവ് സാഹിത്യ പുരസ്‌കാര വിതരണ ചടങ്ങിന് ശേഷം നടത്തിയ പ്രതികരണത്തിലും ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തില്‍ നിന്നും തരൂര്‍ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.