ന്യുഡൽഹി: പാക് ഭീകര പ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ബഹുമതിയായി കാണുന്നതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽനിന്ന് മാറി നിൽക്കില്ലെന്നും തരൂർ വ്യക്തമാക്കി.
പാക് ഭീകരതയെക്കുറിച്ചും ഓപറേഷൻ സിന്ദൂറിനെക്കുറിച്ചും വിദേശ രാജ്യങ്ങളിൽ വിശദീകരണം നല്കാനുള്ള സർവകകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിക്കുന്നു. ദേശ താല്പര്യം തന്നെയാണ് മുഖ്യം. അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കുന്നത് അഭിമാനമെന്നും തരൂർ വ്യക്തമാക്കി. ഒപ്പം കേന്ദ്രസംഘത്തെ നയിക്കുന്നവരുടെ പട്ടികയും തരൂർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് പ്രതിനിധിയുടെ പേര് നിർദേശിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജു ആവശ്യപ്പെട്ടതനുസരിച്ച് എ.ഐ.സി.സി നേതൃത്വം നൽകിയ പേരുകൾ തള്ളിയാണ് കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയതും അഞ്ചു രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി സംഘത്തിന്റെ ഒരു ടീമിന്റെ ലീഡറാക്കിയതും. മുൻ കേന്ദ്രമന്ത്രിയായ ആനന്ദ് ശർമ, ഗൗരവ് ഗെഗോയി, സയ്ദ് നാസീർ ഹുസൈൻ, രാജ് ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നത്.
കോൺഗ്രസ് നിർദേശിക്കാതെ തന്നെ ശശി തരൂരിനെ കേന്ദ്ര സർക്കാർ സംഘത്തിൽ ഉൾപ്പടുത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ ആകാംക്ഷ ഉണർത്തിയിരിക്കുകയാണ്. തരൂരിനെ കൂടാതെ രവിശങ്കർ പ്രസാദ്, സഞ്ജയ് കുമാർ ഝാ, ബൈജയന്ത് പാണ്ഡ, കനിമൊഴി, സുപ്രിയ സുലെ എന്നിവരാണ് മറ്റു സംഘങ്ങളെ നയിക്കുകയെന്ന് കിരൺ റിജു അറിയിച്ചിട്ടുണ്ട്.
നേരത്തെ നരേന്ദ്ര മോദിയുടെ വിദേശ നയത്തെ പ്രശംസിച്ചുള്ള തരൂരിന്റെ നിലപാട് വലിയ ചർച്ചയ്ക്കു വഴിവച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടും പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽനിന്ന് ഭിന്നമായി തരൂർ അഭിപ്രായ പ്രകടനം നടത്തിയെന്നും ഇതിന് തരൂരിനെ പാർട്ടി താക്കീത് ചെയ്‌തെന്നും മാധ്യമ വാർത്തകൾ വന്നതിന് പിന്നാലൊണ് കേന്ദ്ര സർക്കാർ നടപടിയുണ്ടായത്.
അതിനിടെ, സർവകക്ഷി സംഘത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. അതേ സമയം ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെന്റ് യോഗം വിളിച്ചു കൂട്ടണമെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചുനില്ക്കുന്നതായി അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ധൂർ എല്ലാവരുടെയും വിജയമാണെന്നും അത് ബിജെപി സ്വകാര്യ നേട്ടത്തിനായി ഉപയോഗിക്കുന്നവെന്ന ആരോപണത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. സർക്കാറിന്റെ നയതന്ത്ര നീക്കവുമായി സഹകരിക്കുമെന്നും പ്രധാനമന്ത്രി ഇതുവരെയും സർവകക്ഷി യോഗം വിളിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.