പറ്റ്‌ന: മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ.എൽ.ജെ.പി) മോദി സർക്കാറിന്റെ എൻ.ഡി.എ സഖ്യം വിട്ടു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിർണായക പ്രഖ്യാപനം.
2014 മുതൽ ബി.ജെ.പിയുമായും എൻ.ഡി.എയുമായും സഖ്യത്തിലായിരുന്നുവെന്നും എന്നാൽ, ഇന്ന് മുതൽ എൻ.ഡി.എയുമായി ഒരു ബന്ധവുമില്ലെന്നും എല്ലാ ചങ്ങലകളും പൊട്ടിച്ചതായും പരസ് പറ്റ്‌നയിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു.

ബിഹാറിലെ 243 നിയമസഭാ സീറ്റുകളിലും തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിനെ മാറ്റാൻ ബീഹാറിലെ ജനങ്ങൾ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം 22 ജില്ലകൾ താൻ സന്ദർശിച്ചു. വരും ദിവസങ്ങളിൽ ശേഷിക്കുന്ന 16 ജില്ലകളും സന്ദർശിക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ ദലിത് വിരുദ്ധനും മാനസിക രോഗിയുമാണെന്നും പരസ് ആരോപിച്ചു. ദലിതർക്കെതിരെ ബിഹാറിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടി ബി.ജെ.പിക്കും നിതീഷ്‌കുമാറിനുമെതിരേ രൂക്ഷ വിമർശങ്ങളും അദ്ദേഹം ഉന്നയിച്ചു.