ന്യൂഡൽഹി– സ്വാതന്ത്ര്യ ദിനാശംസകളുമായി ബന്ധപ്പെട്ട് പെട്രോളിയം മന്ത്രാലയം ഇറക്കിയ പോസ്റ്റർ ഏറെ വിവാദത്തിൽ. ഗാന്ധിക്കു മുകളിൽ സവർക്കറെ ഉൾപ്പെടുത്തിയാണ് മന്ത്രാലയം പോസ്റ്റർ ഇറക്കിയിരിക്കുന്നത്. സവര്‍ക്കര്‍, ഗാന്ധിജി, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ജവാഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള സ്വാതന്ത്ര്യ സമര നേതാക്കൾ പോസ്റ്ററിൽ ഇല്ലെന്നതും വിവാദത്തിന്റെ മൂർച്ച കൂട്ടുകയാണ്. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘‘നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ, നമുക്ക് ഓർമിക്കാം – ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും നാം പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നത്’’ – എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ വിമർശനവുമായി രംഗത്തു വന്നിട്ടുണ്ട്. കേന്ദ്ര പെട്രോളിയം സഹമന്ത്രിയായ സുരേഷ് ഗോപിക്കു എതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഗാന്ധി വധത്തിൽ പ്രതിയായിരുന്ന സവർക്കറെ പോസ്റ്ററിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുധമേനോനും രംഗത്തു എത്തിയിരുന്നു. സ്കൂളിൽ ചരിത്രം പഠിച്ചിട്ടില്ലേ എന്ന് സുരേഷ് ഗോപിയോട് ഫേസ്ബുക്കിലൂടെ സുധമേനോൻ ചോദിച്ചു.