ന്യൂഡല്‍ഹി– യുഎസ് തീരുവ ഭീഷണിക്കിടെ ഇന്ത്യക്ക് ക്രൂഡോയില്‍ ഇനിയും വില കുറച്ച് നൽകാമെന്ന വാഗ്ദാനവുമായി റഷ്യ. യുഎസിന്റെ ഇന്ത്യക്ക് മേലുള്ള തീരുവയും റഷ്യയ്‌ക്കെതിരായ യൂറോപ്യന്‍ യൂണിയന്റെ ഉപരോധങ്ങളും റഷ്യൻ ക്രൂഡോയിലിന്റെ ഡിമാൻഡ് കുറയ്ക്കുമോ എന്ന ആശങ്കയാണ് ഇതിനുപിന്നിലെന്നാണ് വിലയിരുത്തൽ. എന്‍ഡിടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തത്.
റഷ്യയിൽ നിന്നുമുള്ള ക്രൂഡോയിലിന് പകരം മറ്റ് മാർഗങ്ങൾ ആശ്രയിക്കുന്നത് ചെലവേറിയതാണെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ റഷ്യയെ ആശ്രയിക്കുന്നത് കുറച്ചിട്ടിട്ടുണ്ട്. എന്നാൽ സ്വകാര്യ കമ്പനികൾ ഇത് വർധിപ്പിക്കുകയും ചെയ്തു.
അതേസമയം, യുഎസില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്. മേയ് മാസം മുതല്‍ പ്രതിദിനം 2,25,000 ബാരല്‍ ആയി ഉയര്‍ന്നതായാണ് കെപ്ലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയിൽ നിന്നും ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നതാണ് ഇന്ത്യക്ക് മേൽ യുഎസ് അധിക തീരുവ ചുമത്താൻ കാരണമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.