പട്ന– സർക്കാർ ജീവനക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ പെരുമാറ്റച്ചട്ടങ്ങൾ ബിഹാർ സർക്കാർ പുറപ്പെടുവിച്ചു. സോഷ്യൽ മീഡിയ വഴിയുണ്ടാകുന്ന അനാവശ്യ വിവാദങ്ങൾക്കും അച്ചടക്കലംഘനങ്ങൾക്കും തടയിടുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന മന്ത്രിസഭ ഈ പുതിയ നിയമങ്ങൾക്ക് അംഗീകാരം നൽകിയത്. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നതിന് മുൻപായി അതാത് വകുപ്പുകളിൽ നിന്ന് ഔദ്യോഗികമായി അനുമതി നേടിയിരിക്കണം. വ്യാജ പേരുകളിലോ അജ്ഞാതമായ രീതിയിലോ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പദവി, സർക്കാർ ലോഗോകൾ, ചിഹ്നങ്ങൾ, ഔദ്യോഗിക ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക തിരിച്ചറിയൽ രേഖകളോ ചിഹ്നങ്ങളോ സ്വകാര്യ അഭിപ്രായ പ്രകടനത്തിന് ഉപയോഗിക്കുന്നത് സർക്കാർ സേവനത്തിന്റെ മാന്യതയെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഉള്ളടക്കത്തിലും സർക്കാർ കർശന ജാഗ്രത നിർദേശിച്ചിട്ടുണ്ട്. അശ്ലീലമോ അധിക്ഷേപകരമോ ആയ പോസ്റ്റുകൾ, മതം, ജാതി, വിദ്വേഷ പരാമർശങ്ങൾ എന്നിവയ്ക്ക് പുറമെ സാമൂഹിക സമാധാനത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങളും പങ്കുവെക്കാൻ പാടില്ല.
സർക്കാർ ഓഫീസുകൾ, ഔദ്യോഗിക യോഗങ്ങൾ, മറ്റ് പരിപാടികൾ എന്നിവയിൽ നിന്നുള്ള സെൻസിറ്റീവ് ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. സമീപകാലത്ത് സർക്കാർ ജീവനക്കാരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും വിവാദങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും വഴിമാറുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരമൊരു ഡിജിറ്റൽ അച്ചടക്കം നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്.



