അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ പുതുചരിത്രം കുറിച്ച് കേരളം. സെമി ഫൈനലിൽ ജയത്തോളം പോന്ന സമനിലയോടെ ഗുജറാത്തിനെ മറികടന്ന് കേരളം കന്നി ഫൈനലിൽ പ്രവേശിച്ചു. അവസാന ദിനം രണ്ടാമിന്നിംഗ്സിൽ നാലുവിക്കറ്റ് നഷ്ടത്തിൽ കേരളം 114 റൺസെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗ്സിലെ രണ്ടു റൺസ് ലീഡിന്റെ ബലത്തിലാണ് കേരളം ഫൈനലിലേക്ക് കുതിച്ചെത്തിയത്.
നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളവും ഗുജറാത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോൾ അവസാന ദിവസം ഗുജറാത്തിന്റെ ശേഷിച്ച മൂന്നു വിക്കറ്റുകളും വീഴ്ത്തിയ ആദിത്യ സര്‍വാതെയാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്ക് എത്തിച്ചത്.
ഒന്നാമിന്നിംഗ്സിൽ 111 റൺസ് വഴങ്ങി സർവാതെ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ജലജ് സക്സേന 149 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. എം.ഡി. നിധീഷ്, എൻ.പി. ബേസിൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 429 റൺസെന്ന നിലയിലാണ് ആതിഥേയർ ബാറ്റിംഗ് പുനരാരംഭിച്ചത്. ഫൈനല്‍ ടിക്കറ്റ് നേടാമെന്ന കേരള മോഹത്തിലേക്ക് 27 റൺസിന്റെയും മൂന്നു വിക്കറ്റിന്റെ അകലം മാത്രമാണുണ്ടായിരുന്നത്. ലീഡിനു വേണ്ടി ഇരുടീമുകളും കിണഞ്ഞു ശ്രമിക്കുന്ന കാഴ്ചയാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കണ്ടത്.
സ്കോർ 436 റൺസിൽ നില്‍ക്കെ അര്‍ധ സെഞ്ചുറി നേടിയ ജയ്മീത് പട്ടേലിനെ പുറത്താക്കി സർവാതെ ഇന്നത്തെ ആദ്യവെടി പൊട്ടിച്ചു. 177 പന്തില്‍ 79 റണ്‍സെടുത്ത പട്ടേലിനെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന് മിന്നല്‍ സ്റ്റംപിംഗിലൂടെയാണ് പുറത്താക്കിയത്.
പിന്നാലെ ഗുജറാത്ത് കടുത്ത പ്രതിരോധത്തിലേക്ക് വീണു. എന്നാൽ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ, സിദ്ധാര്‍ഥ് ദേശായിയെയും സര്‍വാതെ പുറത്താക്കി. 164 പന്തില്‍ 30 റണ്‍സെടുത്ത ദേശായി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ അവസാന വിക്കറ്റിൽ ഗുജറാത്തിനു വേണ്ടത് 11 റൺസ്.
10 റൺസോടെ അർസാൻ നാഗസ്വല്ലയും മൂന്നു റൺസുമായി പ്രിയാജിത് സിംഗും ക്രീസിൽ. പിന്നീട് നടന്നത് ത്രില്ലർ സിനിമകളെ വെല്ലുന്ന ഉദ്വേഗ രംഗങ്ങളാണ്. ഒരുവേള ഗുജറാത്ത് വിജയത്തിനു തൊട്ടരികെയെത്തി. നാഗസ്വല്ല നല്കിയ ക്യാച്ച് കേരള നായകൻ സച്ചിൻ ബേബി കൈവിടുകയും ചെയ്തതോടെ കേരളം നിരാശയുടെ വക്കിലെത്തി.
എന്നാൽ, ശരിക്കുള്ള ആന്റി ക്ലൈമാക്സ് പിന്നാലെ വരുന്നതേയുണ്ടായിരുന്നുള്ളൂ. ലീഡിലേക്ക് മൂന്നുറൺസ് മാത്രം വേണ്ടിയിരിക്കേ നാഗസ്വല്ലയുടെ കരുത്തുറ്റ മറ്റൊരു ഷോട്ട് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി മുകളിലേക്ക്. ശ്വാസം നിലച്ചുപോയ നിമിഷം. ഇരുകൈകളും വിടർത്തി പന്ത് സച്ചിൻ കൈയിലൊതുക്കിയതോടെ കേരള താരങ്ങളുടെ ആവേശം അണപൊട്ടി. വിജയത്തിനു സമാനമായ ആഘോഷമാണ് പിന്നീട് മൈതാനത്ത് നടന്നത്.
പിന്നീട് ഫൈനൽ ഉറപ്പിച്ച ശേഷം രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ കേരളത്തിനു മുന്നിലുണ്ടായിരുന്ന ഏക ലക്ഷ്യം അവസാന സെഷൻ വരെ പിടിച്ചുനില്‍ക്കുക എന്നതായിരുന്നു. ഓപ്പണര്‍മാരായ രോഹന് കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 30 റണ്‍സുമായി ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാൽ പന്ത്രണ്ടാം ഓവറില്‍ അക്ഷയ് ചന്ദ്രനെ (ഒമ്പത്) വീഴ്ത്തിയ സിദ്ധാർഥ് ദേശായി കേരളത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
പിന്നാലെ വരുണ്‍ നായനാരെ (ഒന്ന്) മനന്‍ ഹിംഗ്രാജിയ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളം രണ്ടിന് 63 റൺസെന്ന നിലയിലായി. പിന്നീട് ജലജ് സക്സേനയും രോഹൻ കുന്നുമ്മലും ചേര്‍ന്ന് കേരളത്തെ 50 കടത്തി.
സ്കോർ 86 റൺസിൽ നില്‍ക്കെ, 32 റണ്‍സെടുത്ത രോഹനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സിദ്ധാർഥ് ദേശായി വീണ്ടും പ്രഹരമേല്‍പ്പിച്ചു. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സച്ചിന് ബേബിക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല. 10 റണ്‍സെടുത്ത സച്ചിനെ ഹിംഗ്രാജിയ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളം നാലിന് 81 റൺസെന്ന നിലയിലായി.
തുടർന്ന് ക്രീസിൽ ഒന്നിച്ച ജലജ് സക്സേനയും (23) അഹമ്മദ് ഇമ്രാനും (അഞ്ച്) ചേർന്ന് സ്കോർ നൂറുകടത്തി. ഒടുവിൽ 114 റൺസിൽ നില്‍ക്കെ ഗുജറാത്ത് സമനില വഴങ്ങുകയായിരുന്നു.
ഈമാസം 26ന് തുടങ്ങുന്ന ഫൈനലിൽ മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികള്‍.