കൊൽക്കത്ത: പഞ്ചിമ ബംഗാൾ സർക്കാറിനെ പിടിച്ചുലച്ച ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഭാഗികമായി അവസാനിപ്പിക്കുന്നു. കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നതിൽ പ്രതിഷേധിച്ച് ഒരുമാസത്തിലേറെയായി തങ്ങൾ നടത്തിവരുന്ന പ്രക്ഷോഭം താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ച കൂടി സമരം ചെയ്ത് ഈമാസം 21 മുതൽ അവശ്യ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. നാളെ ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്നും സി.ബി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തിയ ശേഷമാണ് സമരത്തിന് താത്കാലിക വിരാമം കുറിക്കുക. സർക്കാർ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതിനാലല്ല സമരം അവസാനിപ്പിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള പ്രളയത്തെ തുടർന്നുള്ള അടിയന്തര സാഹചര്യം പരിഗണിച്ച്, സമൂഹത്തിന് തങ്ങളുടെ സേവനം കൂടുതൽ ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണെന്ന് ഡോക്ടർമാർ വിശദീകരിച്ചു.
ശനിയാഴ്ച മുതൽ അത്യാഹിത വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കും. അതേസമയം മറ്റു വിഭാഗങ്ങളിൽ ജോലി ചെയ്യില്ലെന്ന് ജൂനിയർ ഡോക്ടർമാർ പ്രതികരിച്ചു. വെള്ളിയാഴ്ചയോടെ ആരോഗ്യ വകുപ്പ് ആസ്ഥാനത്തെ സമരം അവസാനിപ്പിക്കുമെങ്കിലും ആർജി കർ മെഡിക്കൽ കോളജിന് മുന്നിലെ സമരം തുടരും. ഒപി ബഹിഷ്‌കരണവും തുടരും. ഞങ്ങളുടെ ചില പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, എല്ലാം പൂർണമായി അംഗീകരിച്ചാലെ സമരം പൂർണമായും അവസാനിക്കുകയുള്ളൂവെന്നും ഡോക്ടർമാർ പറഞ്ഞു.
ആരോഗ്യ സെക്രട്ടറിയെ മാറ്റണമെന്നും ഡോക്ടേഴ്‌സിന് സുരക്ഷ ഉറുപ്പാക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾ രേഖാമൂലം ഉറപ്പ് നൽകണമെന്നുമുള്ള ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. വാക്കാൽ മാത്രമാണ് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചത്. അതിനാലാണ് താത്കാലികമായി ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ തുടർ നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കും. കൊല്ലപ്പെട്ട യുവ ഡോക്ടറിന് നീതി തേടി അവശ്യമെങ്കിൽ വീണ്ടും സമരത്തിലേക്ക് തിരികെയെത്തുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഡോക്ടർമാരുടെ സമരത്തോട് ആദ്യം മുഖം തിരിച്ച മുഖ്യമന്ത്രി മമത ബാനർജി ആഴ്ചകൾ നീണ്ട പ്രക്ഷോഭത്തിൽ കടുത്ത പ്രതിരോധത്തിലായിരുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറികൾക്കും അരക്ഷിതാവസ്ഥക്കും വഴിവെക്കുമോ എന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഒരൽപ്പം അയഞ്ഞ് സമരക്കാരെ കേൾക്കാനും അവർ പറഞ്ഞ വ്യവസ്ഥകൾക്കു ഒരു പരിധിവരെയെങ്കിലും വഴങ്ങാനും സർക്കാർ തയ്യാറായത്. അപ്പോഴും തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ചർച്ചക്കില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് ഡോക്ടർമാർ എത്തിക്കഴിഞ്ഞിരുന്നു. സമരം ബംഗാൾ രാഷ്ട്രീയത്തിൽ കടുത്ത നഷ്ടമുണ്ടാക്കുമെന്ന് മനസ്സിലായതോടെ, കഴിഞ്ഞദിവസം മുഖ്യമന്ത്രി മമത ബാനർജി, ജൂനിയർ ഡോക്ടേഴ്‌സുമായി ചർച്ചക്കു തയ്യാറാകുകയായിരുന്നു.
ചർച്ചയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും കൊൽക്കത്ത പോലീസ് കമ്മിഷണർ വിനീത് ഗോയലിനെയും സർക്കാർ സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട് ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷനും ലൈസൻസും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ആഗസ്ത് ഒൻപതിനാണ് ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.