ബംഗുളൂരു– സ്വര്‍ണക്കടത്ത് കേസില്‍ താന്‍ ഹവാല വഴി പണം കടത്തിയതായി കന്നട നടി റന്യ റാവു അന്വേഷണസംഘത്തിനു മുമ്പാകെ കുറ്റസമ്മതം നടത്തി. കെമ്പഗൗഡ വിമാനത്താവളത്തില്‍ 14.8 കിലോ ഗ്രാം സ്വര്‍ണ്ണവുമായി പിടിയിലായ കേസിലാണ് കുറ്റസമ്മതം. സ്വര്‍ണം വാങ്ങാന്‍ ഉപയോഗിച്ച പണം ഹവാല വഴി കടത്തിയതാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പുതിയ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡി.ആര്‍.ഐ അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ച് 3ന് ദുബായില്‍ നിന്ന് ബംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിലെത്തിയ റന്യ പരിശോധനക്കിടെ പിടിയിലാവുകയായിരുന്നു. വസ്ത്രത്തിനുളളില്‍ ഒളിപ്പിച്ച നിലയില്‍ 12.56 കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണം കണ്ടെത്തിയതായി ഡി.ആര്‍.ഐ പറയുന്നു. അന്വേഷണത്തില്‍ 2023 മുതല്‍ 2025 വരെ 52 തവണ റന്യ ദുബായില്‍ പോയതായും അതില്‍ 45 തവണ ഒരേ ദിവസം തിരിച്ചെത്തിയതായും കണ്ടെത്തി. 2025 ജനുവരിയില്‍ മാത്രം 27 തവണ യാത്ര ചെയ്തിരിക്കുന്നത് കൂടുതല്‍ സംശയമുണ്ടാക്കിയെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. നടിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയും ഡി.ആര്‍.ഐ കണ്ടെത്തി.
നടി ഹവാല ഇടപാടില്‍ പങ്കാളിയാണെന്ന കുറ്റസമ്മതം കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി. പ്രതി ഇന്ത്യയിലുടനീളം വ്യാപിച്ചിട്ടുളള സ്വര്‍ണ്ണക്കടത്ത് ശൃംഖലയുടെ ഭാഗമാണോ എന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും, ദക്ഷിണേന്ത്യയിലുടനീളമുളള സ്വര്‍ണക്കടത്ത് മാര്‍ഗങ്ങള്‍ വീണ്ടും നിരീക്ഷിക്കേണ്ട സാഹചര്യമാണെന്നും ഡി.ആര്‍.ഐ വ്യക്തമാക്കി.
റന്യ റാവു എന്നറിയപ്പെടുന്ന ഹര്‍ഷവര്‍ധിനി റന്യ ഒരു ഇന്ത്യന്‍ നടിയും മോഡലും കന്നട സിനിമയില്‍ അഭിനയിച്ച താരവുമാണ്. 2014-ല്‍ പുറത്തിറങ്ങിയ മാണിക്യയിലൂടെയാണ് അരങ്ങറ്റം കുറിച്ചത്.