മുംബൈ– സംസ്ഥാനത്തെ സ്കൂളുകളിൽ എന്തു വില കൊടുത്തും ഹിന്ദി പഠിപ്പിക്കുമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവനക്കെതിരെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ രംഗത്ത്. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ക്ക് ഹിന്ദി നിര്‍ബന്ധമാക്കിയാല്‍ തന്റെ പാർട്ടി സ്കൂളുകൾ അടച്ചുപൂട്ടുമെന്ന് രാജ് താക്കറെ പറഞ്ഞു.
പ്രൈമറി ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കി പുറത്തിറക്കിയ രണ്ട് ഉത്തരവുകൾ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, മഹാരാഷ്ട്ര നവനിർമാൺ സേന ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെയും നിരവധി സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു. അതിന്റെ വിജയാഘോഷത്തിൽ വച്ചാണ് 20 വർഷത്തിനുശേഷം രാജ് താക്കറെ ഉദ്ധവ് താക്കറെയുമായി വേദി പങ്കിട്ടത്. താൻ ഏതെങ്കിലും ഭാഷയ്‌ക്ക് എതിരല്ലെന്നും എന്നാൽ അടിച്ചേൽപിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ലെന്നും രാജ് താക്കറെ പറഞ്ഞു.