ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ‘വോട്ട് ചോരി’യെക്കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തലുകളുമായി വ്യാഴാഴ്ച വാർത്താസമ്മേളനം നടത്തും. രാവിലെ 10 മണിക്ക് ഡൽഹിയിലെ ഇന്ദിര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർത്താസമ്മേളനം കോൺഗ്രസ് മാധ്യമ-പ്രചാരണ വിഭാഗം മേധാവി പവൻ ഖേര ‘എക്സ്’ വഴി അറിയിച്ചു.
രാഹുൽ ഏത് വിഷയം ഉന്നയിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ബിഹാറിലെ വോട്ടർ അധികാർ യാത്രയുടെ സമാപന പരിപാടിയിൽ പ്രസംഗിക്കവേ, ‘വോട്ട് ചോരി’യെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ ‘ഹൈഡ്രജൻ ബോംബ്’ പാർട്ടി ഉടൻ പൊട്ടിക്കുമെന്നും, അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിനു മുന്നിൽ മുഖം കാണിക്കാൻ കഴിയില്ലെന്നും രാഹുൽ പ്രസ്താവിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 7ന് കർണാടകയിലെ ഒരു ലോക്സഭാ മണ്ഡലത്തിലെ ‘വോട്ട് കൊള്ള’യെക്കുറിച്ചുള്ള തെളിവുകൾ സഹിതം രാഹുൽ തെരഞ്ഞെടുപ്പ് കമീഷനെയും കേന്ദ്ര സർക്കാരിനെയും പ്രതിക്കൂട്ടിലാക്കി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.