ജമ്മുകശ്മീര്‍- ഓപറേഷന്‍ സിന്ദൂരിന് ശേഷം പാകിസ്താൻ ഇന്ത്യൻ അതിര്‍ത്തി ഗ്രാമങ്ങളിൽ നടത്തിയ ഷെല്ലാക്രമണത്തില്‍ ദുരിതമനുഭവിച്ചവരെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മെയ് 24ന് രാവിലെ പ്രദേശത്തെത്തിയ രാഹുല്‍ ഗാന്ധി ഷെല്ലാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ സന്ദര്‍ശിച്ചു. സംഭവസ്ഥലത്തെ ജനങ്ങളുമായി സംവദിക്കുകയും നാശനഷ്ടത്തിന്റെ വ്യാപ്തി പരിശോധിക്കുകയും ചെയ്തു. പ്രദേശത്തെ സ്‌കൂള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളുമായി സംവദിച്ചു. കഠിനമായി പഠിക്കണമെന്നും എല്ലാം സാധാരണ നിലയിലാവുമെന്ന് അദ്ദേഹം ആശ്വസിപ്പിച്ചു.
ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരട്ടക്കുട്ടികളുടെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. ഗുരുതരമായി പരിക്കേറ്റ പിതാവിനെ സന്ദര്‍ശിക്കുകയും ദേശീയ തലത്തില്‍ അവരുടെ ആശങ്കകള്‍ ഉന്നയിക്കുമെന്ന് ഉറപ്പ് നല്‍കി. നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വലിയൊരു ദുരന്തമാണിത്. ദേശീയ തലത്തില്‍ ഈ വിഷയം ഉന്നയിക്കാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് വേണ്ടി അത് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഷെല്ലാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഗുരുദ്വാരയും അദ്ദേഹം സന്ദര്‍ശിച്ചു.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7ന് ഇന്ത്യ ഓപറേഷന്‍ സിന്ദൂറെന്ന പേരില്‍ പാകിസ്താനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് പാകിസ്താൻ അതിര്‍ത്തിയില്‍ ഷെല്ലാക്രമണവും, മിസൈല്‍, പീരങ്കി ആക്രണവും നടത്തി. ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും 70ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പൂഞ്ച് ജില്ലയില്‍ നിന്ന് മാത്രം 13 പേരാണ് കൊല്ലപ്പെട്ടത്.