ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരേ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു. രാഹുൽ ഇന്ത്യക്കാരനല്ലെന്നും രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നുമാണ് കേന്ദ്രമന്ത്രിയുടെ രൂക്ഷ പരാമർശം. രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിലെ പ്രസ്താവനകളിൽ പ്രതികരിക്കരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ബിട്ടു.
രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹത്തെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. രാഹുൽ ഇന്ത്യക്കാരനല്ല. കാരണം അദ്ദേഹം കൂടുതൽ സമയവും ചെലവഴിക്കുന്നത് ഇന്ത്യക്ക് പുറത്താണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബക്കാരും അവിടെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് രാജ്യത്തെ സ്‌നേഹിക്കാനാവാത്തതും വിദേശത്തു പോയി ഇന്ത്യയെ കുറിച്ച് നെഗറ്റീവ് കാര്യങ്ങൾ പറയുന്നതും.
വിഘടനവാദികളും തോക്ക്, ഷെൽ, ബോംബ് നിർമിക്കുന്നവരും രാഹുൽ പറഞ്ഞതിനെ പിന്തുണക്കുന്നു. വിമാനങ്ങൾ, ട്രെയിനുകൾ, റോഡുകൾ എന്നിവ തകർക്കാൻ ശ്രമിക്കുന്ന രാജ്യത്തെ ശത്രുക്കളടക്കം അദ്ദേഹത്തിന് പിന്തുണയുമായെത്തുന്നു. രാജ്യത്തെ നമ്പർ വൺ ഭീകരവാദിക്കുള്ള, രാജ്യത്തെ ശത്രുവിനുള്ള അവാർഡ് ഉണ്ടായിരുന്നുവെങ്കിൽ അത് രാഹുൽ ഗാന്ധിക്ക് കിട്ടുമായിരുന്നുവെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി കോൺഗ്രസ് വിട്ട, പഞ്ചാബിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് രവ്‌നീത് സിങ് ബിട്ടു. മോഡി മന്ത്രിസഭയിൽ റെയിൽവേയുടെയും ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പിന്റെയും സഹമന്ത്രിയാണിപ്പോൾ ബിട്ടു.
യു.എസ് സന്ദർശനത്തിനിടെ വിർജീനിയയിൽ നടന്ന പരിപാടിയിൽ, രാഹുൽ ഗാന്ധി രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സിഖുകാർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും അതിനെതിരായ പോരാട്ടം സിഖുകാർക്ക് മാത്രമല്ല, എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ബി.ജെ.പി കേന്ദ്രങ്ങളെ നന്നായി ചൊടിപ്പിച്ചിരുന്നു. പ്രസ്താവനയിൽ ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ തർവീന്ദർ സിങ് മർവ, രാഹുലിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു.