സുൽത്താൻ ബത്തേരി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയത്തിൽ വർഗീയത ആരോപിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്ത്.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നാണ് വിജയരാഘവന്റെ കുറ്റപ്പെടുത്തൽ. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയുടെ ആളുകളായിരുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് വിജയരാഘവന്റെ വിവാദ പരാമർശങ്ങളുണ്ടായത്.
‘വയനാട്ടിൽ നിന്ന് രണ്ടാളുകൾ വിജയിച്ചു. രാഹുൽ ഗാന്ധി ജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കിൽ രാഹുൽ ഗാന്ധി ഡൽഹിയിലെത്തുമോ? അദ്ദേഹമല്ലേ കോൺഗ്രസിന്റെ പ്രതിപക്ഷനേതാവ്. ആരൊക്കെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയ്ക്ക് മുന്നിലും പിന്നിലും. ന്യുനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട തീവ്രവാദ ഘടകങ്ങൾ വരെ ഘോഷയാത്രയിലുണ്ടായിരുന്നു’ വിജയരാഘവൻ പ്രസംഗത്തിൽ പറഞ്ഞു.
സി.പി.എമ്മിലെ മുതിർന്ന നേതാവായ വിജയരാഘവന്റെ പ്രസ്താവനകളെച്ചൊല്ലി വിവാദങ്ങളുണ്ടാകുന്നത് പുത്തരിയല്ല. സ്ത്രീവിരുദ്ധത തൊട്ട് വർഗീയത വരെയുള്ള വിജയരാഘവന്റെ പല പ്രസ്താവനകളും വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയെങ്കിലും രാഹുലിന്റെയും പ്രിയങ്കയുടെയും നേർക്കുള്ള വർഗീയ ചാപ്പകുത്ത് ഇതാദ്യമാണ്.