- സഖ്യകക്ഷിയുമായി ഇടഞ്ഞവരെ എടുക്കുന്നതിൽ അന്തിമ വാക്ക് സ്റ്റാലിന്റേതെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ
കോഴിക്കോട്: പിണറായി സർക്കാറുമായും സി.പി.എമ്മുമായും ഇടഞ്ഞ പി.വി അൻവർ എം.എൽ.എയുടെ ഡി.എം.കെ പാളയത്തിലേക്കുള്ള കുറുക്കു വഴി ഫലിക്കുമോ അതോ പൊളിയുമോ എന്നറിയാൻ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ.
തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിനുമായി സംസാരിച്ച് രാഷ്ട്രീയ സഖ്യത്തിലൂടെ ശക്തി തെളിയിക്കാനാണ് പി.വി അൻവറിന് താൽപര്യം. ഇതിനായി അദ്ദേഹം കഴിഞ്ഞദിവസം ചെന്നൈയിലെത്തി മുതിർന്ന ഡി.എം.കെ നേതാക്കളുമായും ചില ഘടകകക്ഷി നേതാക്കളുമായും സംസാരിക്കുകയുണ്ടായി. എന്നാൽ ഇക്കാര്യത്തിലെ അന്തിമ ധാരണ പുറത്തു വന്നിട്ടില്ല.
അൻവറിന്റെ ഓപ്ഷൻ മികച്ച നീക്കമാണെങ്കിലും അതിന് പ്രായോഗികമായി ചില തടസ്സവാദങ്ങൾ ഉന്നയിക്കപ്പെടും എന്നുറപ്പാണ്. പ്രത്യേകിച്ചും, ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷിയും കേരളം ഭരിക്കുന്ന മുഖ്യ പാർട്ടിയുമായ സി.പി.എമ്മുമായി കലഹിച്ചു പുറത്തുവന്ന അൻവറിനെ സ്വീകരിക്കുന്നത് മുന്നണി മര്യാദകൾക്ക് വിരുദ്ധമാണെന്നതാണ് ഒന്നാമത്തെ വിമർശം. മുഖ്യമന്ത്രി പിണറായി വിജയനുമായി മികച്ച ബന്ധം നിലനിർത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ഇത് പരിഗണിക്കാതെ അൻവറിന് അനുകൂലമായൊരു തീരുമാനം എടുക്കുമോ എന്നതിൽ ഡി.എം.കെയിലെ പലർക്കും സംശയങ്ങളുണ്ട്.
പിണറായി വിജയനും, തന്നെ മുഖവലിക്കെടുക്കാതെ അൻവറിന് സ്റ്റാലിൻ പച്ചപ്പരവതാനി വിരിക്കില്ലെന്ന പ്രതീക്ഷയാണുള്ളത്. തന്നെ വെല്ലുവിളിച്ച അൻവറിന് ഡി.എം.കെയിൽ ഇടം കിട്ടാതിരിക്കാനും, രാഷ്ട്രീയമായി ക്ലച്ചു പിടിക്കാതിരിക്കാനും സി.പി.എമ്മും മുഖ്യമന്ത്രിയും ആവനാഴിയിലെ സർവ്വ അസ്ത്രങ്ങളും പുറത്തെടുക്കുമെന്നതും കട്ടായം. അതിനാൽ തന്നെ അൻവറിന്റെ ഡി.എം.കെയിലേക്കുള്ള പാലം പണി എളുപ്പമല്ലെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
ഡി.എം.കെ മുന്നണിയിൽ തമിഴ്‌നാട്ടിൽ സി.പി.എം കൂടി പങ്കാളിയാണെന്നിരിക്കെ അവരുടെ കൂടി അനിഷ്ടം സമ്പാദിച്ച് അൻവറിനെ കൂടെക്കൂട്ടാൻ എം.കെ സ്റ്റാലിൻ എത്ര കണ്ട് തയ്യാറാവും എന്നതും ചോദ്യമായുണ്ട്. തങ്ങളുടെ ഒരു ഘടകക്ഷിയായ സി.പി.എമ്മുമായി രാഷ്ട്രീയ യുദ്ധത്തിലേർപ്പെട്ട ഒരാളുമായുള്ള സന്ധിനീക്കം എത്രമാത്രം ഫലപ്രദമാവുമെന്നും പലരും സംശയം ഉണർത്തുന്നു.
കേരളത്തിലെ സി.പി.എം, ഇടതു പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളെ എടുക്കുന്നത് ഡി.എം.കെയുടെ മുന്നണി മര്യാദയ്ക്ക് വിരുദ്ധമാവുമെന്ന അഭിപ്രായമാണ് ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവനെ പോലുള്ള ചില നേതാക്കൾക്കുള്ളത്. സഖ്യകക്ഷിയുമായി ഇടഞ്ഞവരെ മുന്നണിയിൽ എടുക്കുന്ന പതിവ് ഡി.എം.കെക്ക് ഇല്ലെങ്കിലും വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടി തലവനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇനി, സ്റ്റാലിൻ അൻവറിനെ തള്ളുമോ, അതോ അൻവറിന്റെ ശക്തിയും സാധ്യതകളും തിരിച്ചറിഞ്ഞ് കൂടുതൽ ദിശാബോധത്തോടെയുള്ള ഒരു തീരുമാനം പ്രഖ്യാപിക്കാൻ തയ്യാറാകുമോ എന്നാണ് രാഷ്ട്രീയ കേരളം അറിയാനിരിക്കുന്നത്. ഡി.എം.കെ സാധ്യത അടഞ്ഞാൽ അൻവർ കേരളത്തിന്റെ പുതിയ കെജ്രിവാളാകാനുള്ള സാധ്യതയും തള്ളിക്കളയാവതല്ല. എന്നാൽ, ബി.ജെ.പി വിരുദ്ധതയിൽ ഡി.എം.കെക്കുള്ള രാഷ്ട്രീയ പരിശുദ്ധി ആം ആദ്മി പാർട്ടിക്ക് ഇല്ല എന്നതാണ് അതിന് അൻവർ കൂടുതൽ താൽപര്യം കാണിക്കാത്തതിന് കാരണമായി പറയുന്നത്.
പുതിയ രാഷ്ട്രീയ പാർട്ടിയല്ല, സാമൂഹ്യ കൂട്ടായ്മ ഇന്ന് വൈകീട്ട് മഞ്ചേരിയിൽ പ്രഖ്യാപിക്കുമെന്നും ഡി.എം.കെ ചർച്ചയുടെ വിശദാംശങ്ങൾ പറയാറായിട്ടില്ലെന്നുമാണ് പി.വി അൻവർ വ്യക്തമാക്കിയിട്ടുള്ളത്. പതിനായിരം പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയ സമ്മേളനത്തിന് ഒരു ലക്ഷം പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.