ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരേ രൂക്ഷ വിമർശങ്ങളുയർത്തിയതിന് പിന്നാലെ ഇടതു മുന്നണിയുമായി ഇടഞ്ഞ നിലമ്പൂർ എം.എൽ.എ പി.വി അൻവർ രാഷ്ട്രീയ സഖ്യ സാധ്യതകൾ കൂടുതൽ സജീവമാക്കി.
ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനിർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസുമായി അടുക്കാനാണ് ശ്രമം. കുറച്ചുദിവസങ്ങളായി രാജ്യ തലസ്ഥാനത്തുള്ള അൻവർ ഇതിനകം ടി.എം.സി എം.പിമാരുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം മമതയുമായി കൂടിക്കാഴ്ച പൂർത്തീകരിച്ച് നിർണായക തീരുമാനത്തിൽ എത്തിക്കാനാവുമെന്നാണ് അൻവർ ക്യാമ്പ് നൽകുന്ന പ്രതീക്ഷ.
സി.പി.എമ്മുമായി കലഹിച്ച് പുറത്തുവന്ന അൻവർ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന പേരിൽ പുതിയ സാമൂഹിക കൂട്ടായ്മയ്ക്കു രൂപം നൽകിയിട്ടുണ്ടെങ്കിലും അയോഗ്യത ഭീഷണിയെല്ലാം മുൻകൂട്ടി കണ്ട് ഒരു പാർട്ടിയുമായും മുന്നണിയുമായും ധാരണയിലെത്തിയിട്ടില്ല. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയുമായി പാലമുണ്ടാക്കി ഇന്ത്യാ മുന്നണിയിൽ എത്താൻ അൻവർ നീക്കം നടത്തിയെങ്കിലും പൂർണ വിജയത്തിൽ എത്തിയിട്ടില്ല. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇടതു മുന്നണിയുമായി ശക്തമായ വിയോജിപ്പുള്ള മമതയുടെ പാർട്ടിയുമായി അൻവർ അടുക്കുന്നത്. ബംഗാളിൽ ബി.ജെ.പിയെയും സി.പി.എമ്മിനെയും നേരിടുന്ന മമതയാകും കൂടുതൽ നല്ല ഓപ്ഷൻ എന്ന നിലയിലാണിപ്പോൾ ഡി.എം.കെയിൽ ചർച്ചകൾ പുരോഗമിക്കുന്നത്.